കൊറോണക്കാലത്തെ സിനിമാക്കാരുടെ ജീവിതം കോർത്തിണക്കി ഒരു പുസ്തകം
കോവിഡ് മഹാമാരി തകർത്തെറിഞ്ഞ മലയാള സിനിമാപ്രവർത്തകരുടെ ജീവിതാനുഭവങ്ങൾ പുസ്തകമാകുന്നു. പത്രപ്രവർത്തകനും സിനിമാ പി. ആർ.ഒയുമായ പി.ആർ സുമേരനാണ് കൊറോണക്കാലത്തെ സിനിമാക്കാരുടെ അനുഭവം പുസ്തകമാക്കുന്നത്. കോവിഡ് 19നെ തുടർന്ന് ഉണ്ടായ ലോക്ഡൗൺ കാലം ചലച്ചിത്ര മേഖലയെ അടിമുടി പിഴുതെറിയുകയായിരുന്നു. ഒരുപക്ഷേ സിനിമാ മേഖലയെയാണ് കോവിഡും തുടർന്നുണ്ടായ ദുരിതവും ഏറെ ബാധിച്ചത്. നിശ്ചലമായ സിനിമ, ആയിരക്കണക്കിന് ചലച്ചിത്ര പ്രവർത്തകരുടെ ജീവിതം ദുരിതത്തിലാക്കി.
സിനിമയെ വെല്ലുന്ന അനുഭവങ്ങളായിരുന്നു പല ചലച്ചിത്ര പ്രവർത്തകരുടെയും പിന്നീടുള്ള ജീവിതം. കോവിഡ് തകർത്തെറിഞ്ഞ സിനിമയും ചലച്ചിത്ര പ്രവർത്തകരുടെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളുമാണ് പുസ്തകമാകുന്നത്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെയും അണിയറപ്രവർത്തകരുടെയും സിനിമാ മേഖലയുമായി പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകരുടെയും ജീവിതാനുഭവങ്ങളാണ് പുസ്തകമാകുന്നത്. കൊറോണക്കാലത്തെ സിനിമാ ജീവിതം എന്ന പുസ്തകം ഉടൻ വായനക്കാരിലെത്തും.


