വിജയ് സേതുപതി ബോളിവുഡിലേക്ക്
ചെന്നൈ: ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി വിജയ് സേതുപതി. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ 2017ൽ പുറത്തെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം മാനഗരത്തിന്‍റെ ഹിന്ദി റീമേക്ക് ആണ് പുതിയ ചിത്രം. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 12 വർഷത്തിനു ശേഷം സന്തോഷ് ശിവന്‍ ഹിന്ദിയിൽ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ഇത്. 2008ൽ പുറത്തിറങ്ങിയ തഹാൻ ആണ് ഹിന്ദിയിൽ ഇതിനുമുന്‍പ് അദ്ദേഹം സംവിധാനം ചെയ്തത്. എന്നാൽ മണി രത്നത്തിന്‍റെ രാവണിനും (2010) പ്രിയദർശന്‍റെ രംഗ്‍രേസിനും (2013) ഛായാഗ്രഹണം നിർവ്വഹിച്ചത് സന്തോഷ് ശിവന്‍ ആയിരുന്നു.
മാനഗരത്തിൽ സുദീപ് കിഷൻ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുക വിക്രാന്ത് മസ്സേ ആണ്. സഞ്ജയ് മിശ്ര, രണ്‍വീർ ഷോറെ, ടാനിയ മണിക്ടാല, സച്ചിന്‍ ഖഡേക്കർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്‍റെ പേര് ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന് പുറത്തുവിടും.
നേരത്തെ ആമിർ ഖാൻ നായകനാവുന്ന ലാൽ സിംഗ് ഛദ്ദയിലൂടെ വിജയ് സേതുപതി ബോളിവുഡിൽ അരങ്ങേറുമെന്ന് നേരത്തെ വാർത്തകൾ പുറത്തെത്തിയിരുന്നു. പക്ഷേ ആദ്യഘട്ട ചർച്ചകൾക്കു ശേഷം പ്രോജക്ടിൽ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

