ഫഹദും ഫാസിലും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു
കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ഫാസില്‍. ‘മലയന്‍ കുഞ്ഞ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അച്ഛനും മകനും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ഫാസില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് എത്തുന്നത്.
ഫഹദ് ഫാസില്‍ നായകനായെത്തിയ ആദ്യ സിനിമ കൈയെത്തും ദൂരത്ത് നിര്‍മ്മിച്ചത് ഫാസില്‍ ആണ്. ചിത്രം വിജയിക്കാത്തതിനെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഫഹദ് 2009ല്‍ കേരള കഫെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.
നവാഗതനായ സജിമോന്‍ ആണ് മലയന്‍ കുഞ്ഞ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ക്യാമറ നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മലയന്‍ കുഞ്ഞ് ആരംഭിക്കുക. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു.
