വ്യാജ വാര്‍ത്ത പ്രചരണം ഇന്ത്യക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ നടപടിയെടുക്കണമെന്ന് പാകിസ്ഥാന്‍


ലാഹോര്‍: വ്യാജ വാര്‍ത്താ വെബ്‌സൈറ്റുകളിലൂടെ പാകിസ്ഥാനെ അപകീര്‍ത്തിപ്പെടുത്തി അന്താരാഷ്ട്ര സംഘടനകളെ സ്വാധീനിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന ആരോപണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മെഹബൂബ് ഖുറേഷി. യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സഭ എന്നീ സംഘടനകളെകൊണ്ട് ഇന്ത്യയ്ക്ക് അനുകൂലമായ അജണ്ട മുന്നോട്ട് വെപ്പിക്കാന്‍ വ്യാജ വാര്‍ത്താ വെബ്‌സൈറ്റുകളുടെ സഹായം ഇന്ത്യ തേടിയെന്നാണ് പാക് വിദേശകാര്യമന്ത്രി ആരോപിച്ചത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്താ സൈറ്റുകള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്നാണ് ഖുറേഷിയുടെ പ്രധാന ആരോപണം. കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സഭയെയും സ്വാധീനിക്കുന്നിതിനായി വമ്പന്‍ വ്യാജ വാര്‍ത്ത ശൃംഖല രാജ്യത്തും അന്താരാഷ്ട്ര തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കെയാണ് പാക് വിദേശകാര്യ മന്ത്രിയും വിഷയത്തില്‍ പ്രതികരണവുമായെത്തിയത്.

ഇ.യു ഡിസിന്‍ഫോ ലാബിന്റെ റിപ്പോര്‍ട്ട് പാകിസ്താന്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം ആരോപണവിധേയമായ നെറ്റ്‌വര്‍ക്കുകളും ഇന്ത്യന്‍ സര്‍ക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇ.യു ഡിസിന്‍ഫോ ലാബിന്റെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നില്ല.

പാകിസ്ഥാനാണ് വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ഇന്ത്യ പറഞ്ഞു. ” ഉത്തരവാദിത്തമുള്ള ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ വ്യാജ വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കാറില്ല,” ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

You might also like

  • Straight Forward

Most Viewed