പ്രമുഖ കലാസംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചു
ചെന്നൈ: ദേശീയ അവാർഡ് ജേതാവായ കലാ സംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. അഞ്ചു തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 'ഹംസ ഗീതേ' എന്ന കന്നഡ ചിത്രത്തിലൂടെയാണ് കൃഷ്ണമൂർത്തിയുടെ സിനിമാ ജീവിതത്തിന്റെ തുടക്കം.
ചെന്നൈയിലെ (അന്നത്തെ മദ്രാസ്) സ്കൂൾ ഓഫ് ആർട്സിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ കൃഷ്ണമൂർത്തി നാടകങ്ങൾക്കും നൃത്ത പരിപാടികൾക്കും സെറ്റൊരുക്കിയാണ് കലാജീവിതം ആരംഭിച്ചത്.
ജയകാന്തൻ, അശോകമിത്രൻ, ഗിരീഷ് കർണാട്, ബി.വി. കരാന്ത്, ഗായകൻ ബാലമുരളീകൃഷ്ണ തുടങ്ങിയവരുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്.
കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിന് രണ്ടും ദേശീയപുരസ്‌കാരങ്ങള്‍ നേടിയ കലാകാരനായിരുന്നു. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് കൃഷ്ണമൂര്‍ത്തി.
സ്വാതി തിരുനാൾ, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്പി, വചനം, ഒളിയമ്പുകള്‍, പരിണയം തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1987ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.
