ബംഗളൂരു മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗൽറാണിക്ക് ഉപാധികളോടെ ജാമ്യം

ബംഗളൂരു: ബംഗളൂരു മയക്കമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിക്ക് കർണാടക കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ സ്ഥിതി പരിഗണിച്ച് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം, എല്ലാ മാസവും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.
മൂന്ന് മാസമായി ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് നടി ഉണ്ടായിരുന്നത്. കേസിൽ തന്നെ പ്രതിചേർത്തത് തെറ്റെന്ന് കാണിച്ച് താരം നേരത്തെ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിരുന്നു. അന്ന് കോടതി ഹർജി തള്ളി. എന്നാൽ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി രണ്ടാമത് ജാമ്യാപേക്ഷ നൽകുകയായിരുന്നു. ഇത് പരിഗണിച്ച കോടതി മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷം ജാമ്യം അനുവദിച്ചു.
ബംഗളൂരുിൽ നിശാ പാർട്ടികളിൽ മയക്കുമരുന്ന് എത്തുന്നത് എങ്ങനെയെന്ന് സെപ്റ്റംബറിൽ അറസ്റ്റിലായ ഒരാളിൽ നിന്ന് വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എൻസിബി ബോളിവുഡിൽ അന്വേഷണം ശക്തമാക്കിയത്. വിരെൻ ഖന്ന, ലൂ പെപ്പർ സാംബ, രാഹുൽ തൊൻസെ, പ്രശാന്ത് രങ്ക, നിയാസ് എന്നീ മയക്കുമരുന്ന് ഇടനിലക്കാരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നടി സഞ്ജന ഗൽറാണിയും രാഗിണി ദ്വിവേദിയെയും എൻസിബി അറസ്റ്റ് ചെയ്യുന്നത്.