‘പതിനെട്ടാം പടി’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു
ജോൺ എബ്രഹാം പാലയ്ക്കൽ എന്ന എക്‍സ്റ്റന്‍റഡ് കാമിയോ റോളിൽ മമ്മൂട്ടി എത്തുന്ന ‘പതിനെട്ടാം പടി’യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും. ഒരു സ്റ്റാൻഫോർഡ് യൂണിവേഴ്‍സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. അതിഥി വേഷത്തിൽ പൃഥ്വിരാജും എത്തുന്നുണ്ട് ചിത്രത്തിൽ. പ്രധാന കഥാപാത്രങ്ങളെയൊക്കെ പുതുമുഖങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ശങ്കർ രാമകൃഷ്ണനാണ്. നേരത്തേ പുറത്തെത്തിയ, ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദൻ, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തിൽ പ്രത്യക്ഷപ്പെടും. 15 തീയേറ്റർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയിൽ. അപേക്ഷ അയച്ച 18,000 പേരിൽ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാന്പും വഴിയാണ് 65 പേരെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാർ, മണിയൻപിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയൻ, മാലാ പാർവ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തിൽ കഥാപാത്രങ്ങളാവുന്നുണ്ട്.

