46 കോടിയുടെ ചെക്ക് കേസ്: സഹോദരി അംബികയ്ക്കും സഹോദരനുമെതിരെ പരാതിയുമായി നടി രാധ
ശാരിക
ചെന്നൈ: 80-കളിലെ തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശസ്ത താരസഹോദരിമാരായ അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നടി രാധ. ഇരുവരും ചേർന്ന് 46 കോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി കാണിച്ച് രാധ ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി.
തന്റെ വസതിയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ അനുവാദമില്ലാതെ കൈവശപ്പെടുത്തി തനിക്കെതിരെ ഉപയോഗിച്ചെന്നാണ് രാധ പരാതിയിൽ ആരോപിക്കുന്നത്. മുൻപ് 'എ.ആർ.എസ്. ഗാർഡൻ സ്റ്റുഡിയോ' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന തന്റെ ബിസിനസിന്റെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന ചെക്കുകളാണിവ. യാത്രകളിലായിരിക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം, നികുതികൾ, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ നൽകാനായി ഒപ്പിട്ട കുറച്ച് ബ്ലാങ്ക് ചെക്കുകൾ വീട്ടിൽ കരുതിയിരുന്നു.
2025 ജനുവരിയിൽ ബിസിനസിന്റെ പേര് 'ആർ.ആർ. ഗാർഡൻസ്' എന്ന് മാറ്റിയതോടെ പുതിയ ചെക്ക് ബുക്ക് ലഭിക്കുകയും പഴയത് ഉപയോഗിക്കുന്നത് നിർത്തുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ സെപ്റ്റംബർ 17-ന് ഇതിലെ അഞ്ച് ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കാനായി ബാങ്കിൽ സമർപ്പിച്ചതായി അറിയിപ്പ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് വിവരമറിയുന്നത്. അംബികയ്ക്ക് നൽകാനായി യാതൊരു സാമ്പത്തിക ബാധ്യതയും തനിക്കില്ലെന്ന് വ്യക്തമാക്കി രാധ ബാങ്ക് ഇടപാടുകൾ നിർത്തിവെപ്പിച്ചു.
താൻ ചെന്നൈയിൽ ഇല്ലാത്ത സമയം നോക്കി സഹോദരൻ മല്ലികാർജുനനാണ് മുറിയിൽ നിന്ന് ചെക്കുകൾ കൈക്കലാക്കിയതെന്നും അതിൽ തുക എഴുതിച്ചേർത്ത് അംബികയുമായി ചേർന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് രാധയുടെ ആരോപണം. കൂടാതെ, വിലപിടിപ്പുള്ള വസ്തുക്കളും സ്വത്തുരേഖകളും സൂക്ഷിച്ചിരിക്കുന്ന തറവാട്ട് സ്വത്തിലെ സ്വന്തം വിഹിതം അനുഭവിക്കുന്നതിൽ നിന്നും സഹോദരങ്ങൾ തന്നെ തടയുകയാണെന്നും പരാതിയിൽ പറയുന്നു. സെപ്റ്റംബർ 21-നാണ് കമ്മീഷണർക്ക് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടു.
sdfs

