ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിന്റെ പുതിയ ചെയർമാൻ
കോട്ടയം: കേരള കോൺഗ്രസിന്റെ(എം) പുതിയ ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു. പാർട്ടി സെക്രട്ടറി കെ.ഐ. ആന്റണി വിളിച്ചു ചേർത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണു തീരുമാനം. സിഎസ്ഐ റിട്രീറ്റ് സെന്ററിലായിരുന്നു യോഗം. ഇന്നു ചേരുന്നതു ബദൽ കമ്മിറ്റിയല്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഭരണഘടനപ്രകാരം വ്യവസ്ഥാപിതമാര്‍ഗത്തിലൂടെയാണ് യോഗം വിളിച്ചത്. ഇത് ഫാൻസ് അസോസിയേഷൻ യോഗമാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന മറുപടി അർഹിക്കുന്നില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. കമ്മിറ്റി യോഗത്തെപ്പറ്റി പി.ജെ. ജോസഫ് ഉൾപ്പെടെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്.
ജോസഫ് വിഭാഗത്തിന്റെ ഭാഗത്തു നിന്നു പ്രതിഷേധത്തിനു സാധ്യതയുള്ളതിനാൽത്തന്നെ, സംസ്ഥാന സമിതി യോഗം നടക്കുന്ന ഹാളിലേക്കു പരിശോധനയ്ക്കു ശേഷമാണ് അംഗങ്ങളെ കടത്തി വിട്ടത്. ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ജോസ് കെ.മാണിയെ ആനയിച്ചു കൊണ്ടുപോകാനുള്ള വാഹനം ഉൾപ്പെടെ തയാറായിരുന്നു. അടച്ചിട്ട ഹാളിലായിരുന്നു യോഗം. മുതിർന്ന നേതാവ് സി.എഫ്.തോമസ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. പി.ജെ.ജോസഫ് തൊടുപുഴയിൽ തുടരുകയാണ്. വൈകിട്ടു തിരുവനന്തപുരത്തേക്കു പോകും.

