മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു: 'റൂം നമ്പർ 9' ഫസ്റ്റ് ലുക്ക്
ശാരിക
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുകയാണ്. 'റൂം നമ്പർ 9' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ് സാധ്യമാകുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും 'സ്ത്രീധനം', 'ഭാര്യ', 'സിംഹവാലൻ മേനോൻ' തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പ്രിയ ജോഡി വീണ്ടുമൊന്നിക്കുമ്പോൾ സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയിലാണ്.
ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'റൂം നമ്പർ 9'-ന്‍റെ പോസ്റ്റർ ഏറെ ആകാംക്ഷ നിറയ്ക്കുന്ന ഒന്നാണ്. ഉർവശിയുടെ കഥാപാത്രം ചവിട്ടുപടികള്‍ ഇറങ്ങി വരുമ്പോള്‍ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടുപടികള്‍ കയറുന്നതാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് ദുരൂഹത നിഴലിക്കുന്നതിനൊപ്പം ഇരു ചവിട്ടുപടികളിലും പരക്കുന്ന വെളിച്ചവും വ്യത്യസ്തമാണ്.
സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം ചിത്രസംയോജനവും നിർവ്വഹിക്കുന്നു. മനു ജഗത് പ്രൊഡക്ഷൻ ഡിസൈനറായും അനീവ് സുകുമാർ ചീഫ് അസോസിയേറ്റായും പ്രവർത്തിക്കുന്നു. കൈലാസ് മേനോൻ, ശങ്കർ ശർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ബി. കെ. ഹരിനാരായണന്റെ ഗാനങ്ങൾക്ക് ശങ്കർ ശർമ്മ പശ്ചാത്തല സംഗീതമൊരുക്കുന്നു. സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും പ്രദീപ് ഗോപാലകൃഷ്ണൻ മേക്കപ്പും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂരും പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്തുമാണ്. ശ്രീജിത്ത് ശ്രീനിവാസൻ സൗണ്ട് ഡിസൈനും രംഗ്‌റേസ് മീഡിയവർക്സ് കളറിംഗും റിഷാജ് മുഹമ്മദ് സ്റ്റിൽസും നിർവ്വഹിക്കുന്നു. ശരവണൻ സത്യ, അനിൽ അലക്സ് എന്നിവരുടെ സ്റ്റണ്ട്സിനൊപ്പം അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ് എന്നിവരാണ് മാർക്കറ്റിംഗ് നിയന്ത്രിക്കുന്നത്. ചിത്രത്തിന്റെ പിആർഒ ആതിര ദിൽജിത്താണ്.
്േിേി

