ഇന്ത്യ തെരഞ്ഞെടുക്കുന്നത് 'തെറ്റായ സിനിമകൾ': ഓസ്‌കർ എൻട്രിക്കെതിരെ രാഷ്ട്രീയ ഇടപെടൽ ആരോപണവുമായി അനുരാഗ് കശ്യപ്
ശാരിക
ന്യൂഡൽഹി: ഇന്ത്യയുടെ ഓസ്‌കർ എൻട്രി തെരഞ്ഞെടുപ്പ് പ്രക്രിയയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ ചലച്ചിത്രകാരൻ അനുരാഗ് കശ്യപ്. ഓസ്‌കറിലേക്ക് ഇന്ത്യ എപ്പോഴും 'തെറ്റായ സിനിമകളാണ്' തെരഞ്ഞെടുക്കുന്നതെന്നും ഇതിന് പിന്നിൽ വലിയ തോതിലുള്ള രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വെറൈറ്റി ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് പാനലിന്റെ തീരുമാനങ്ങൾക്കെതിരെ തുറന്നടിച്ചത്.
വരാനിരിക്കുന്ന ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രമായ 'ഗൊന്ധാൽ' പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2001-ൽ പുറത്തിറങ്ങിയ 'ലഗാൻ' എന്ന ചിത്രത്തിന് ശേഷം ഇതുവരെ ഒരു ഇന്ത്യൻ സിനിമയും ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിന്റെ അവസാന ഷോർട്ട്‌ലിസ്റ്റിൽ പോലും ഇടംപിടിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ദി ലഞ്ച് ബോക്സ്', 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തുടങ്ങിയ ആഗോള ശ്രദ്ധനേടിയ സിനിമകളെ ഇന്ത്യക്ക് സുവർണ്ണാവസരം ലഭിച്ചിട്ടും ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്നും, സിനിമാ രംഗത്തെ അവബോധക്കുറവും രാഷ്ട്രീയ സ്വാധീനവുമാണ് ഇത്തരം തെറ്റായ തീരുമാനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 'ഗൊന്ധാൽ' തിരഞ്ഞെടുത്തതിൽ ന്യായീകരണവുമായി ജൂറി അംഗം വിവേക് വാസ്‍വാനി രംഗത്തെത്തി. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും ആഗോളതലത്തിൽ പ്രതിഫലിപ്പിക്കുന്ന സിനിമയായിരിക്കണം അയക്കേണ്ടതെന്ന നിർദേശം ജൂറിക്ക് ലഭിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ അവതരിപ്പിച്ച മർഡർ മിസ്റ്ററിയാണ് 'ഗൊന്ധാൽ'. ഇംത്യാസ് അലിയുടെ 'മൈ വാപസ് ആവുംഗ', നാഗാലാൻഡ് ചിത്രം 'അങ്', ആദിത്യ ധറിന്റെ 'ധുരന്ധർ' എന്നിവയും അവസാന ഘട്ടത്തിൽ പരിഗണിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
cvxxcv

