നാനാപടേക്കറിന് പോലീസിന്റെ ക്ലീന്‍ ചീറ്റ്; മീടൂ കേസുകുള്‍ അവസാനിപ്പിക്കാനൊരുങ്ങി തനുശ്രീ ദത്ത


മുംബൈ: തെളിവുകളുടെ അഭാവത്തില്‍ മുതിര്‍ന്ന ബോളിവുഡ് താരം നാനാപടേക്കറിന് കഴിഞ്ഞ ദിവസം ക്ലീന്‍ ചീറ്റ നല്‍കിയ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെയുള്ള മീറ്റു ആരോപണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി നടി തനുശ്രീ ദത്ത. ഇതോടെ തനുശ്രീയുടെ പരാതിയിലുള്ള കേസന്വേഷണം മുംബൈ പോലീസ് അവസാനിപ്പിക്കുന്നുവെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. അഴിമതി നിറഞ്ഞ പോലീസ് സംവിധാനം നാനാപടേക്കറിന് ക്ലീന്‍ ചീറ്റ് നല്‍കിയതാണ് കേസ് പിന്‍വലിക്കുന്നതിന് കാരണമായതെന്ന് അവര്‍ പ്രതികരിച്ചു.
 
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമാ ചിത്രീകരണത്തിനിടെ തന്നോട് മോശമായി പെരുമാറിയെന്ന പരാതിയുമായി തനുശ്രീ ദത്ത രംഗത്തുവരുന്നത്. ഹോളിവുഡില്‍ നിറഞ്ഞുനിന്നിരുന്ന മീടു മൂവ്‌മെന്റില്‍ ബോളിവുഡില്‍ നിന്നും ആദ്യം ഉയര്‍ന്ന ശബ്ദവും 35കാരിയായ ദത്തയുടേത് തന്നെയായിരുന്നു.
 
അന്വേഷണത്തിനിടയില്‍ തനുശ്രീ ദത്തയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. യഥാര്‍ത്ഥ സാക്ഷികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയും വ്യാജസാക്ഷികളെ ഉള്‍പ്പെടുത്തി കേസ് ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്തുവെന്ന് തനുശ്രീ പ്രതികരിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമീ സിദ്ദിക്കി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്ക് ഈ വിഷയം അറിയാമായിരുന്നുവെങ്കിലും അവര്‍ നാനാ പടേക്കറുടെ പക്ഷം ചേരുകയായിരുന്നു എന്നും തനുശ്രീ ആരോപിച്ചിരുന്നു.
 
ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്റെ കൈയ്യില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. നാന പടേക്കര്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്തം മോശം പ്രവര്‍ത്തികള്‍ക്ക് മറയാക്കാന്‍ അദ്ദേഹം ചെയ്യുന്നതാണെന്നും തനുശ്രീ ആരോപിച്ചിരുന്നു. പിന്നീട്, പോലീസില്‍ പരാതി എഴുതി നല്‍കുകയും ചെയ്യുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed