വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; ആറ് പേർ പിടിയിൽ
ഷീബ വിജയൻ
സൂപ്പർ താരം വിജയ് നായകനായ 'ജനനായകൻ' എന്ന സിനിമയുടെ എച്ച്ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ ആറ് പേരെ തമിഴ്‌നാട് സൈബർ ക്രൈം വിങ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നൽകിയ പരാതിയിലാണ് നടപടി. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച മുന്നൂറിലധികം ലിങ്കുകൾ ഇതിനോടകം സൈബർ വിങ് നീക്കം ചെയ്തിട്ടുണ്ട്. ഏപ്രിൽ 9 മുതലാണ് ചിത്രത്തിന്റെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയത്. പിന്നാലെ മുഴുവൻ സിനിമയും ചോരുകയായിരുന്നു. നിലവിൽ അറസ്റ്റിലായ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയ്ക്കായി കാത്തിരുന്നത്. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാത്തതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സിനിമ ലീക്കായ സംഭവത്തിൽ രജനികാന്ത്, കമൽഹാസൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തി. വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സൈബർ വിഭാഗം മുന്നറിയിപ്പ് നൽകി.
saddasads




