'ഭരതനാട്യം 2: മോഹിനിയാട്ടം' ഒടിടിയിൽ തരംഗമാകുന്നു; വിദ്വേഷ പ്രചാരണവുമായി തീവ്ര വലതുപക്ഷ ഹാൻഡിലുകൾ
ശാരിക l സിനിമ
കൊച്ചി: സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഒടിടി പ്ലാറ്റ്ഫോമിൽ വൻ വിജയമായി തുടരുന്നു. തിയറ്ററുകളിൽ നിന്ന് മാത്രം 50 കോടി രൂപയോളം സമാഹരിച്ച ചിത്രം ഒടിടിയിൽ എത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് നേടുന്നത്. എന്നാൽ, ചിത്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ തീവ്ര വലതുപക്ഷ ഹാന്റിലുകൾ വിദ്വേഷ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.
ചിത്രം ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും അതിനാൽ നിരോധിക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. ഹിന്ദുവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് നെറ്റ്ഫ്ലിക്സിനെതിരെയും മലയാള ചലച്ചിത്ര മേഖലയെ ബഹിഷ്കരിക്കണമെന്നും ആഹ്വാനങ്ങൾ ഉയരുന്നുണ്ട്. ഡാർക്ക് കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം ഹിന്ദൂയിസത്തിന് നേരെയുള്ള വിലകുറഞ്ഞ ആക്രമണമാണെന്ന് 'സനാതൻ കന്നഡ' എന്ന എക്സ് അക്കൗണ്ട് ആരോപിക്കുന്നു.
ചിത്രത്തിൽ ശ്രീരാമന് മോരും മിക്സ്ചറും നൽകുന്നത് വിശ്വാസത്തെ അപമാനിക്കലാണെന്നും ക്ഷേത്രങ്ങളെയും പ്രസാദത്തെയും ബിസിനസ് എന്ന് പരിഹസിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. മറ്റ് മതങ്ങളെ കുലീനമായി കാണിക്കുമ്പോൾ ഹിന്ദു ആചാരങ്ങളെയും ബ്രാഹ്മണരെയും പരിഹസിക്കുന്നത് എന്തുകൊണ്ടാണെന്നും ഇവർ ചോദ്യം ചെയ്യുന്നു. എന്നാൽ വിദ്വേഷ പ്രചാരണങ്ങളോട് സിനിമയുടെ അണിയറ പ്രവർത്തകരോ നെറ്റ്ഫ്ലിക്സോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദങ്ങൾക്കിടയിലും ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ സ്ട്രീമിങ് തുടരുകയാണ്.
sdsdf

