അവതാറിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു

2009ൽ റിലീസ് ചെയ്ത, ലോക സിനിമയിൽ വിസ്മയങ്ങൾ സൃഷ്ടിച്ച അവതാറിന് 2ാം ഭാഗം വരുന്നതായി റിപ്പോർട്ട്. സംവിധായകൻ ജയിംസ് കാമറൂൺ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അവതാറിന് മൊത്തം 5 ഭാഗങ്ങളാണുള്ളതെന്നും സംവിധായകൻ വ്യക്തമാക്കി. 1972ൽ പുറത്തിറങ്ങിയ ദ ഗോഡ്‌ഫാദർ പോലെ ഫാമിലി ഡ്രാമയായിരിക്കും സിനിമയെന്നാണ് റിപ്പോർട്ട്.
അവതാറിന്റെ 2ഉം 3ഉം ഭാഗങ്ങൾ ഒരുമിച്ചായിരിക്കും ഷൂട്ട് ചെയ്യുകയെന്ന് കാമറൂൺ പറഞ്ഞു. ആദ്യ സിനിമയിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥയും ശൈലിയുമായിരിക്കും ഇനി വരുന്ന അവതാർ സിനിമകളിൽ സ്വീകരിക്കുക. അവതാർ 4ഉം 5ഉം സിനിമയുടെ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയിട്ടില്ല. ഇപ്പോൾ 2ഉം 3ഉം സിനിമകളുടെ ഡിസൈൻ ജോലികളാണ് നടക്കുന്നത്. പുതിയ കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ അണിയറയിൽ ഒരുങ്ങുകയാണെന്നും കാമറൂൺ വ്യക്തമാക്കി.