മക്കയിലെ ഹിറാ ഗുഹ സന്ദർശിക്കുന്നതിന് നിയന്ത്രണം

മക്ക : സുരക്ഷാ പ്രശ്നങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി മക്കയിലെ ചരിത്രപ്രസിദ്ധമായ ഹിറാ ഗുഹ സന്ദർശിക്കുന്നതിന് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തി. ധ്യാനത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിക്ക് ദിവ്യ സന്ദേശം ലഭിച്ച ഹിറാ ഗുഹ ഉൾക്കൊള്ളുന്ന മലയാണ് മക്കയിലെ ജബൽ നൂർ. മതിയായ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കാതെ മല കയറുന്നത് മൂലം തീർത്ഥാടകർ താഴെ വീഴാനും, ശക്തമായി ക്ഷീണിക്കാനുമൊക്കെ സാധ്യതയുണ്ടെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ വസറാൻ പറഞ്ഞു.
ദിനംപ്രതി നൂറുക്കണക്കിന് തീർത്‍ഥാടകരാണ് മല കയറി ഹിറാ ഗുഹ സന്ദർശിക്കാൻ എത്തുന്നത്. ഇത് പതിവാക്കുന്നത് തീർത്‍ഥാടകരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം പറയുന്നത്. കൂടാതെ ഇവിടെ തീർത്‍ഥാടകർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും മന്ത്രാലയം വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഹജ്ജ് ഉംറ പാക്കേജുകളിൽ ജബൽനൂർ സന്ദർശനം ഉൾപ്പെടുത്തരുതെന്ന് ഹജ്ജ് ഉംറ സർവ്വീസ് ഏജൻസികൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി.
ഹിറാ ഗുഹയിലേക്ക് പോകുന്നതിനിടെ മലയിൽ നിന്ന് വീണും, ഇടി മിന്നലേറ്റും, പാന്പ് കടിയേറ്റുമെല്ലാം നേരത്തെ പല സന്ദർശകരും മരണപ്പെട്ടിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് മലകയറുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.