സംവിധാനം ധ്യാൻ നായിക നയൻസ്

നടനും തിരക്കഥാകൃത്തുമായ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭം ലൗ ആക്ഷൻ ഡ്രാമയിൽ നയൻതാര നിവിൻ പോളിയുടെ നായികയാകുമെന്ന് റിപ്പോർട്ട്. നാല് പതിറ്റാണ്ടിന് ശേഷം മെറിലാൻഡ് സിനിമയുടെ ബാനറിൽ ഒരു ചിത്രം എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. മെറിലാൻഡ് സ്ഥാപകൻ പി. സുബ്രഹ്്മണ്യത്തിന്റെ കൊച്ചുമകൻ വിശാഖ് സുബ്രഹ്്മണ്യമാണ് രണ്ടാം വരവിന് നേതൃത്വം നൽകുന്നത്. വിശാഖ് സുബ്രഹ്്മണ്യവും നടൻ അജു വർഗ്ഗീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങും.
പുതിയ തലമുറയുടെ വടക്കുനോക്കിയന്ത്രമായിരിക്കും ലൗ ആക്‌ഷൻ ഡ്രാമയെന്ന് വിശാഖ് പുതിയ സിനിമയെക്കുറിച്ചു പറയുന്നു. ഷാൻ റഹ്്മാനും വിവേക് ഹർഷനും ഉൾപ്പെടെയുള്ള മുൻനിര കലാകാരന്മാരെ അണിനിരത്തി വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. ചെന്നൈ ആണ് സിനിമയുടെ ലൊക്കേഷൻ. മെയിൽ ഷൂട്ടിംഗ് തുടങ്ങി ഈ വർഷം അവസാനം സിനിമ തിയേറ്ററിലെത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വിശാഖും അജു വർഗ്ഗീസും.