പാകിസ്ഥാനി ഗ്രാമത്തിന് മലാലയുടെ പേരിട്ടു

റാവൽപിണ്ടി : പാകിസ്ഥാനിലെ ഒരു ഗ്രാമം, പ്രായം കുറഞ്ഞ നോബേൽ സമ്മാന ജേതാവ് മലാല യുസഫ് സായിയുടെ പേര് സ്വീകരിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള റാവൽപിണ്ടി ജില്ലയിലെ ഒരു ഗ്രാമമാണ് പേര് മാറ്റി മലാലയോടുള്ള ആദരം പ്രകടിപ്പിച്ചത്. സാമൂഹ്യ പ്രവർത്തകനായ ബസീർ അഹമ്മദ് ആണ് ഈ വിവരം ട്വിറ്റർ വഴി പങ്കുവെച്ചിരിക്കുന്നത്.
മലാലയുടെ ലക്ഷ്യവും മാർഗവും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരും പാകിസ്ഥാനിലുണ്ടെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവം. എന്നാൽ മലാലയെ അംഗീകരിക്കാത്ത വലിയൊരു വിഭാഗം ഇപ്പോഴും പാകിസ്ഥാനിലുണ്ട്.
താലിബാൻ തീവ്രവാദികളിൽ നിന്ന് തലയ്ക്ക് വെടിയേറ്റതിന് ശേഷം ലണ്ടനിലേക്ക് പോയ മലാല നാല് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം പാകിസ്ഥാൻ സന്ദർശിക്കാനെത്തിയിരുന്നു. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത കാവലിലായിരുന്നു നാല് ദിവസം നീണ്ട മലാലയുടെ അപ്രതീക്ഷിതമായ പാക് സന്ദർനം.
പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തിയ മലാല തന്റെ ജന്മനാടായ സ്വാത് താഴ്്വര സന്ദർശിക്കുകയുണ്ടായി.