ബോളിവുഡിലെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് നടി ദീപിക പദുക്കോൺ

ശാരിക
മുംബൈ l പ്രമുഖ താരങ്ങൾക്കൊപ്പമുള്ള രണ്ട് വലിയ പ്രോജക്ടുളിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ബോളിവുഡിലെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ദീപിക പദുക്കോൺ. താൻ അമ്മയായതിനാൽ എട്ട് മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടതാണ് പ്രോജക്ടുകളിൽ നിന്ന് പിന്മാറാൻ കാരണമെന്ന അഭ്യൂഹങ്ങളെ അവർ തള്ളിക്കളയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപികയുടെ വെളിപ്പെടുത്തൽ.
താനൊരു സ്ത്രീയായതുകൊണ്ട് മാത്രം ഈയൊരു ആവശ്യം നിർബന്ധമായി കാണുന്നുവെങ്കിൽ അങ്ങനെയാകട്ടെയെന്ന് അവർ പറഞ്ഞു. സിനിമയിൽ സൂപ്പർസ്‌റ്റാറുകളായ ഒട്ടേറെ പുരുഷ താരങ്ങൾ വർഷങ്ങളായി എട്ട് മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നത്. അതൊന്നും ഒരിക്കലും വാർത്തകളുടെ മെയിൻ തലക്കെട്ടുകളാകുന്നില്ലെന്ന് ദീപിക ചൂണ്ടിക്കാട്ടി. എല്ലാവരുടെയും പേര് എടുത്ത് പറഞ്ഞ് വലിയൊരു വിഷയമാക്കാൻ താൽപര്യമില്ല. എന്നാൽ വർഷങ്ങളായി നിരവധി നടന്മാർ എട്ട് മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്ന കാര്യം പരസ്യമാണ്. അവരിൽ പലരും തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ എട്ട് മണിക്കൂറാണ് ജോലി ചെയ്യുന്നത്. വാരാന്ത്യങ്ങളിലൊന്നും ജോലി ചെയ്യാറില്ല." - ദീപിക പറഞ്ഞു.
നമ്മുടെ സിനിമാ മേഖലയെ എല്ലാവരും വ്യവസായം എന്ന് വിളിക്കുന്നുണ്ടെങ്കിലും ഒരു വ്യവസായത്തിന് വേണ്ട ചിട്ടവട്ടങ്ങൾ ഒരുക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നമെന്നും ദിപിക പറയുന്നു. താൻ മാത്രമാണോ ന്യായമായ തൊഴിൽ സാഹചര്യങ്ങൾക്കായി വാദിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് നിരവധി സ്ത്രീകളും പുതുതായി അമ്മമാരായവരും എട്ട് മണിക്കൂർ ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ അമ്പരപ്പിക്കുന്ന കാര്യം എന്തെന്നാൽ അതൊന്നും വാർത്തകളിൽ നിറയുന്നില്ല എന്നതായിരുന്നു ദീപികയുടെ മറുപടി.
ന്യായമായ തൊഴിൽ സാഹചര്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ തനിക്കുണ്ടായ വിമർശനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ദീപിക തൻ്റെ നിലപാട് വ്യക്തമാക്കിയത്. "ശമ്‌പളത്തിൻ്റെ കാര്യത്തിൽ പോലും, അതിന്റെ ഭാഗമായി വരുന്ന വിമർശനങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. അതിനെ എന്താണ് വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. പക്ഷെ ഞാൻ എപ്പോഴും എൻ്റെ പോരാട്ടങ്ങൾ നിശബ്ദമായി നേരിടുന്ന ഒരാളാണ്. എൻ്റെ പോരാട്ടങ്ങൾ മാന്യതയോടെ നിശബ്ദമായി നേരിടുക എന്നതാണ് എനിക്കറിയാവുന്ന ഏക വഴി." ദീപിക കൂട്ടിച്ചേർത്തു.
'സ്പിരിറ്റ്', 'കൽക്കി 2898 എ.ഡി.'- തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളിൽ നിന്ന് ദീപിക പിന്മാറിയതെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഷാരൂഖ് ഖാനും സുഹാന ഖാനുമൊപ്പമുള്ള 'കിംഗ്', അല്ലു അർജുനും ആറ്റ്ലിയുമൊത്തുള്ള പുതിയ ചിത്രം എന്നിവ ഉൾപ്പെടെ വമ്‌പൻ പ്രോജക്‌ടുകളുമായി മുന്നോട്ട് പോവുകയാണ് താരം.
േ്ിേി