വരുന്നു... സുസൂക്കിയുടെ പുതുപുത്തൻ ഇലക്ട്രിക് കാർ 'ഇ-സ്കൈ'
ശാരിക
മുബൈ l ലോക ചെറുകാർ വിപണിയിൽ തങ്ങളുടെ പുതുപുത്തൻ മോഡൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സുസുക്കി മോട്ടോർ കോർപ്പറേഷൻ. ഒക്ടോബർ 30-ന് ആരംഭിക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോ 2025-ൽ പ്രദർശനത്തിന് ഒരുങ്ങുന്ന തങ്ങളുടെ അടുത്ത തലമുറ വിഷൻ ഇ-സ്കൈ കൺസെപ്റ്റിന്റെ ചിത്രങ്ങളും സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്.
യൂണിക്ക്, സ്പോർട്ട്, പോസിറ്റീവ് എന്ന് ആശയങ്ങളിൽ ഉറച്ചുള്ള സ്കൈ എന്ന മോഡൽ കാറാണ് പ്രദർശിപ്പിക്കുക. ഒരു ചാർജ്ജിൽ 270 കിലോമീറ്റർ റേഞ്ചാണ് വാഹനം മുന്നോട്ടുവയ്ക്കുന്നത്. നീളം 3395 എം.എം. 1475 എംഎം ആണ് വീതി, 1625 എംഎം ആണ് ഉയരം. ഫുൾലെംഗ്‌ത് എൽഇഡി ഡേടൈം റണ്ണിംഗ് ലാംപും, സി ഷേപ്പ് ഹെഡ്‌ലാമ്‌പുമാണ് ഇ-സ്‌കൈയ്ക്ക് നൽകിയിരിക്കുന്നത്. ഡ്യുവൽ ടോൺ എക്സ്‌റ്റീരിയറും ബ്ലാക് കളർ പില്ലറുകളും വണ്ടിക്ക് ഭംഗിയേകുന്നു. ഫ്ലഷ് ഡോർ ഹാൻഡിലുകളും എയറോഡൈനാമിക്കലായി ഡിസൈൻ ചെയ്ത വിംഗ് മിററുകളും ഇൻറഗ്രേറ്റഡ് എൽഇഡി സ്‌റ്റോപ്പ് ലൈറ്റുള്ള കാറിൽ ടെയിൽ ലാമ്പിനും സി ആകൃതിയാണ്. മാരുതിയുടെ ഇന്ത്യയിലെ കുഞ്ഞൻ കാറായ എസ്പ്രസ്പ്രസോയെക്കാൾ ഉയരമുളളതും എന്നാൽ വലുപ്പത്തിൽ ചെറുതുമാണ് ഇ-സ്കൈ.
ഇന്റീരിയറിലേക്ക് വന്നാൽ സ്ക്വയറക്കിൾ (സ്ക്വയറും സർക്കിളും എന്ന് തോന്നുന്നതരം) സ്‌റ്റിയറിംഗ് വീലാണ് കോൺസെപ്റ്റ് കാറിന് സുസുകി നൽകിയിരിക്കുന്നത്. ഗ്ലോസി ബ്ലാക് ഫിനിഷിൽ സ്‌റ്റിയറിംഗിൽ മൾച്ചി ഫംഗ്ഷൻ ബട്ടണുകൾ നൽകിയിരിക്കുന്നു. ഡ്യുവൽ ഡിജിറ്റൽ സ്ക്രീനും ഉണ്ട്. ഇതിൽ ബാറ്ററി നില, സ്‌പീഡോ മീറ്റർ, റേഞ്ച് എന്നിവ അറിയാം. ബ്ലൂ, പർപ്പിൾ കളർ ഷേഡുകളാണ് ഇൻ്റീരിയറിനാകെ നൽകിയിരിക്കുന്നത്.
