ഫോർമുല വൺ റേസിന് ബഹ്റൈനിൽ ഗംഭീര തുടക്കം

ഈ വർഷത്തെ ഫോർമുല വൺ കാറോട്ട മത്സരത്തിന് ബഹ്റൈനിൽ പ്രൗഢഗംഭീരമായ തുടക്കം. 33 രാജ്യങ്ങളിലെ കാർ റെയ്സേഴ്സാണ് ഗ്രാൻഡ് പ്രീയിൽ മാറ്റുരയ്ക്കുക. പുതിയ സീസണിന്റെ തുടക്കമായതിനാൽ പുതിയ താരങ്ങളുടെയും കാറുകളുടെയും ടീമുകളുടെയും അരങ്ങേറ്റ വേദി കൂടിയായിരിക്കും ബഹ്റൈൻ ഗ്രാൻഡ് പ്രി മത്സരങ്ങൾ.
ഇന്നലെ മാർച്ച് 3ന് വെള്ളിയാഴ്ച ആരംഭിച്ച ഗ്രാൻഡ് പ്രിക്സ് ടൂർണമെന്റ് മാർച്ച് 5ന് ഞായറാഴ്ച അവസാനിക്കും. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. വിവിധ ഗ്രാൻഡ്സ്റ്റാൻഡുകളിലായി 36,000 പേർക്ക് മത്സരം വീക്ഷിക്കാനുള്ള അവസരമുണ്ട്.
വെള്ളി, ശനി ദിവസങ്ങളിലെ പരിശീലന, യോഗ്യത മത്സരങ്ങൾക്കു ശേഷം ഞായറാഴ്ചയായിരിക്കും യഥാർത്ഥ പോരാട്ടം അരങ്ങേറുക.
ലോക ചാമ്പ്യൻമാരുടെ നീണ്ട താര നിരയുമായി ആകെ 23 റേസുകളാണ് നടക്കുന്നത്. ഇന്നലെ രാവിലെ 7.50ന് എഫ് 3 പരിശീലന സെഷൻ ആരംഭിച്ചു. പിന്നീട് ഒമ്പതുമണി മുതൽ എഫ് 2 പരിശീലനവും ഉച്ചക്ക് ഒന്ന് മുതൽ എഫ് 3 യോഗ്യത മത്സരങ്ങളും 4.25 മുതൽ എഫ് 2 യോഗ്യത മത്സരങ്ങളും നടന്നു. ശനിയാഴ്ച രാവിലെ 9.10ന് എഫ് 3യുടെ സ്പ്രിന്റ് റേസ് നടക്കും. ഉച്ചക്ക് 1.10ന് എഫ് 2വിന്റെ സ്പ്രിന്റ് സെഷനും അരങ്ങേറും. ഞായറാഴ്ച മാർച്ച് 5 ന് രാവിലെ 8.45ന് എഫ് 3യുടെ ഫീച്ചർ റേസും 10.15ന് എഫ് 2വിന്റെ ഫീച്ചർ റേസും നടക്കും.
വൈകുന്നേരം മൂന്നിനാണ് ബഹ്റൈൻ ഗ്രാൻഡ് പ്രിയുടെ വിജയ ചിത്രം തെളിയുന്ന വാശിയേറിയ പോരാട്ടം നടക്കുക.ആതിഥേയരായ ബഹ്റൈനെ പ്രതിനിധീകരിച്ച് ഷെയ്ഖ് സൽമാൻ റാഷിദ് ആൽ ഖലീഫയാണ് പങ്കെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യ, ഇസ്രായേൽ, സൗദി അറേബ്യ, കുവൈത്ത്, ആസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നിരവധി താരങ്ങളും മത്സരങ്ങൾ കാണുവാൻ ലോകമെബാടുമുള്ള റേസിങ്ങ് പ്രേമികളും ബഹ്റൈനിൽ എത്തിയിട്ടുണ്ട്.
FHFGHFGH