ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് ബഹ്റൈൻ തൊഴിൽകാര്യമന്ത്രാലയവുമായി സഹകരിച്ച് വേനൽകാലത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ചും, ഉച്ചവിശ്രമനിയമത്തെ കുറിച്ചും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന പരിപാടിയിൽ പങ്കെടുത്തവർക്ക് വേണ്ടി സൗജന്യമായി വിവിധ ആശുപത്രികളുടെ സഹായത്തോടെ മെഡിക്കൽ പരിശോധനയും നടത്തി. തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി അഹമദ് അൽ ഹൈക്കി മുഖ്യാതിഥിയായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി പ്രസാദ് ശുക്ല, നേപ്പാൾ, പാക്കിസ്താൻ, ബംഗ്ലാദേശ്, ഫിലിപൈൻസ് തുടങ്ങിയ രാജ്യങ്ങളുടെ എംബസി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.
തൊഴിൽ മന്ത്രാലയം പ്രതിനിധി ഹുസൈൻ അൽ ഹുസൈനി ഉച്ചവിശ്രമനിയമത്തെ പറ്റി പരിപാടിയിൽ വിശദീകരിച്ചു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ സംസാരിച്ച പരിപാടിയിൽ കാൻസെർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ പി വി ചെറിയാൻ ഉഷ്ണകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പറ്റിയും പരിഹാരങ്ങളെ കുറിച്ചും സംസാരിച്ചു.