പ്രവാസികൾക്ക് പ്രിയപ്പെട്ട രാജ്യങ്ങളിൽ പതിനഞ്ചാം സ്ഥാനത്ത് ബഹ്റൈൻ

പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ ബഹ്റൈന് 15ാം സ്ഥാനം ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇന്‍റർനേഷൻസ് നടത്തിയ 'എക്സ്പാറ്റ് ഇൻസൈഡർ സർവേ'യിലാണ് ബഹ്റൈൻ ഈ നേട്ടം സ്വന്തമാക്കിയത്. ജി.സി.സി രാജ്യങ്ങളിൽ മൂന്നാമതാണ് ബഹ്റൈന്റെ സ്ഥാനം. ആറാം സ്ഥാനത്തുള്ള യു.എ.ഇയും 12ാം സ്ഥാനത്തുള്ള ഒമാനുമാണ് ബഹ്റൈന് മുന്നിലുള്ളത്. 26ആം സ്ഥാനത്ത് ഖത്തറും, 27ആം സ്ഥാനത്ത് സൗദി അറേബ്യയും, 52ആം സ്ഥാനത്ത് കുവൈത്തുമാണ് ഉള്ളത്. 181 രാജ്യങ്ങളിൽ താമസിക്കുന്ന 177 രാജ്യക്കാരായ 11,970 പ്രവാസികളാണ് സർവേയിൽ പങ്കെടുത്തത്. ജീവിതനിലവാരം, ജോലി കണ്ടെത്താനുള്ള എളുപ്പം, തൊഴിൽ സാഹചര്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. മെക്സികോ, ഇന്തോനേഷ്യ, തായ്വാൻ, പോർചുഗൽ, സ്പെയിൻ, യു.എ.ഇ, വിയറ്റ്നാം, തായ്ലൻഡ്, ആസ്ട്രേലിയ, സിംഗപ്പൂർ എന്നിവയാണ് പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടംനേടിയത്.