മലർവാടി മഴവില്ല് മെഗാ ചിത്രരചനാമത്സരം ഡിസംബർ 17ന് നടക്കും

മനാമ
ബഹ്‌റൈനിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻറെ കുട്ടികളുടെ വിഭാഗമായ മലർവാടിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും പ്രവാസി വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന 'മലർവാടി മഴവില്ല് മെഗാ ചിത്രരചനാമത്സരം' ഈ വർഷം കോവിഡ് സാഹചര്യത്തിൽ ഓൺലൈനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 17 ന് ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുന്ന മത്സരത്തിൽ രണ്ടായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്.ബഹ്റൈനിലെ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്യുന്ന ചിത്രരചനാ മത്സരം മലർവാടി ജി. സി. സി. കോഡിനേറ്റർ സാജിദ് ആറാട്ടുപുഴ നിയന്ത്രിക്കും. എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. കിഡ്‌സ്, സബ്ജൂനിയർ, ജൂനിയർ എന്നീ മൂന്ന് വിഭാഗങ്ങളായാണ് ചിത്ര രചന മത്സരം.
ഓൺലൈൻ മത്സരത്തിൽ മികവ് തെളിയിക്കുന്ന മത്സരാർത്ഥികളുടെ ഫൈനൽ ചിത്രരചനാ മത്സരം ജനുവരിയിൽ നടക്കും. പങ്കെടുക്കുന്നവർക്ക് സെർട്ടിഫിക്കേറ്റും, വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഡിസംബർ 13 നു മുമ്പായാണ് റെജിസ്ട്രേഷൻ നടത്തേണ്ടത്. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ മീഡിയ കൺവീനർ പി. പി. ജാസിർ, ബഹ്‌റൈൻ മലർവാടി കോഡിനേറ്റർ സക്കീന അബ്ബാസ്, മലർവാടി മെഗാ ചിത്രരചന പ്രാഗ്രാം കൺവീനർ നൗമൽ റഹ്മാൻ, മലർവാടി രക്ഷാധികാരി ജമാൽ ഇരിങ്ങൽ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, അബ്ബാസ് മലയിൽ, ജമീല ഇബ്രാഹിം, സമീറ നൗഷാദ്, അസ്‌ലം വേളം, അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.