ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് ബഹ്‌റൈൻ ആരോഗ്യവകുപ്പ് ഉന്നതതല സംഘം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളിൽ പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിയുന്നവരെ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ സന്ദർശിച്ചു. ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് സയ്യിദ് ജവാദ് ഹസനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില വിലയിരുത്തിയ അദ്ദേഹം, സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങളും നേരിട്ട് പരിശോധിച്ചു.
ഏത് വെല്ലുവിളികളെയും കൃത്യതയോടെയും പ്രൊഫഷണൽ രീതിയിലും നേരിടാൻ ബഹ്‌റൈനിലെ ആരോഗ്യ സംവിധാനത്തിന് കഴിയുമെന്ന് സന്ദർശന വേളയിൽ ഡോ. ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മെഡിക്കൽ-നഴ്സിംഗ് ജീവനക്കാരുടെ ഉയർന്ന കാര്യക്ഷമതയും ആത്മാർത്ഥമായ സേവനവും രാജ്യത്തിന്റെ ആരോഗ്യ മേഖലയുടെ കരുത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അംഗീകരിക്കപ്പെട്ട ചികിത്സാ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള ദ്രുതഗതിയിലുള്ള സേവനങ്ങൾ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പരിക്കേറ്റവർ എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിച്ച അദ്ദേഹം, സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നത് രാജ്യത്തിന്റെ പ്രഥമ പരിഗണനയാണെന്നും അതിനായി എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും വ്യക്തമാക്കി. രോഗീസേവനത്തിൽ മികച്ച നിലവാരം പുലർത്തുന്ന മെഡിക്കൽ ടീമുകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
a



