സ്പെക്ട്ര 2021 ആർട്ട് കാർണിവൽ സംഘടിപ്പിച്ചു

മനാമ
ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ വാർഷിക പരിപാടിയായ ഫേബർ കാസ്റ്റൽ സ്പെക്ട്ര 2021 ആർട്ട് കാർണിവൽ ഓൺലൈനിലൂടെ സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ് ഓഫീസിൽ വെച്ച് നടന്ന ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ്, ട്രഷറർ മണി ലക്ഷ്മണമൂർത്തി , ജോയിന്റ് സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ശ്രീധരൻ, സ്പെക്ട്ര ജോയിന്റ് കൺവീനേഴ്‌സ് നിതിൻ ജേക്കബ് കൂടാതെ മുരളീകൃഷ്ണൻ , ഫേബർ കാസ്റ്റിൽ കൺട്രി ഹെഡ് സഞ്ജയ് ബാൻ, ഐസിആർഎഫ് വൊളൻ്റീയേർസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
രണ്ട് ദിവസങ്ങളിലായി ബഹ്‌റൈനിലെ ഇരുപത്തി ഒന്നോളം സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ പരം കുട്ടികളാണ് നാല് വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുത്തത്. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. കൂടാതെ പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും, സ്കൂളുകളിലേക്ക് റോളിംഗ് ട്രോഫിയും സമ്മാനിക്കും.വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2022-ൽ രൂപകൽപ്പന ചെയുന്ന വാൾ കലണ്ടറുകളിലും ഡെസ്ക്-ടോപ്പ് കലണ്ടറുകളിലും ഉൾപ്പെടുത്തുന്നുണ്ട്. ജനവരി രണ്ടിന് നടക്കുന്ന സമ്മാനവിതരണചടങ്ങിൽ കലണ്ടറുകൾ വിതരണം ചെയ്യും.