ബഹ്റൈനിൽ ക്വാറൈന്റൻ ഇളവുകൾ ഇന്ന് മുതൽ; പ്രതീക്ഷയോടെ വിപണി

മനാമ
ഇന്ന് മുതൽ ക്വാറൈന്റൈൻ അടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ ബഹ്റൈനിൽ ജനജീവിതം വളരെ വേഗം സാധാരണ നിലയിലേയ്ക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവർ. വാക്സിനേഷൻ എടുക്കാത്തവർക്ക് മാത്രമാണ് പുതിയ തീരുമാന പ്രകാരം പത്ത് ദിവസത്തെ ക്വാറന്റൈൻ വേണ്ടത്. അതേസമയം ഹോട്ടലുകളിൽ കഴിയാതെ ഇവിടെ ഉള്ള താമസസ്ഥലത്ത് തന്നെ ഇവർക്ക് ക്വാറൈന്റിൽ കഴിയാൻ സാധിക്കുന്നതാണ്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കഴിഞ്ഞ മേയിലാണ് ബഹ്റൈനിൽ ഹോട്ടൽ ക്വാറൻറീൻ നിബന്ധന ഏർപ്പെടുത്തിയത്. സ്വന്തം പേരിൽ താമസ സ്ഥലം ഇല്ലാത്തവർ എൻ.എച്ച്.ആർ.എ അംഗീകാരമുള്ള ഹോട്ടലുകളിലാണ് ക്വാറൻറീനിൽ കഴിയേണ്ടിയിരുന്നത്. വലിയ സാമ്പത്തിക ഭാരമായിരുന്നു ഈ തീരുമാനം ഉണ്ടാക്കിയിരുന്നത്. പുതിയ തീരുമാനം വലിയ ആശ്വാസമാണ് യാത്രക്കാർക്ക് നൽകുന്നത്. ഇന്നുമുതൽ ക്വാറൈന്റന് വേണ്ടി ഉപയോഗിച്ചിരുന്ന ഹൊട്ടലുകൾ വീണ്ടും പഴയരീതിയിലേയ്ക്ക് മടങ്ങും. അറുപതോളം ഹൊട്ടലുകളാണ് രാജ്യത്ത് ക്വാറൈന്റൻ സൗകര്യം ഒരുക്കിയിരുന്നത്. ഇതോടൊപ്പം റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയും എടുത്ത് മാറ്റിയതോടെ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ ബഹ്റൈനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം നവംബര്‍ നാല് മുതല്‍ 10 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ശരാശരി കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. നേരത്തെ ശരാശരി പ്രതിദിന കേസുകള്‍ 39 ആയിരുന്നെങ്കില്‍ അത് 26 ആയാണ് കുറഞ്ഞത്. ഇക്കാലയളവില്‍ ആകെ 182 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 107 പേര്‍ സ്വദേശികളും 75 പേര്‍ പ്രവാസികളുമാണ്. 160 പേര്‍ക്കും മറ്റ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ടതാണെന്നും കണ്ടെത്തി. 22 പേര്‍ക്ക് യാത്രകള്‍ക്ക് ശേഷം രോഗം കണ്ടെത്തുകയായിരുന്നു.