പ്രതിഭ നാടക പുരസ്കാരങ്ങൾ പ്രഖ്യാപ്പിച്ചു

മനാമ
ബഹ്‌റൈൻ പ്രതിഭ നാടകവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂണിറ്റ്തല നാടക മത്സരത്തിൽ മികച്ച നാടകമായി പ്രതിഭ ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച 'സ്വത്വം' തിരഞ്ഞെടുക്കപ്പെട്ടു. സൽമാനിയ യൂണിറ്റ് അവതരിപ്പിച്ച 'ജൂലിയസ് സീസർ ആക്റ്റ് (I V)' എന്ന നാടകത്തിന്റെ സംവിധായകനായ മോഹൻരാജ് പി എൻ ആണ് മികച്ച സംവിധായകൻ .മികച്ച നടനുള്ള ഒന്നാം സ്ഥാനം സെൻട്രൽ മാർക്കറ്റ് യൂണിറ്റിന്റെ 'മല്ലനും മാതേവനും' എന്ന നാടകത്തിൽ അഭിനയിച്ച പ്രകാശൻ വി പിയും, മികച്ച നടിക്കുള്ള ഒന്നാം സ്ഥാനം വെസ്റ്റ് റിഫ യൂണിറ്റ് അവതരിപ്പിച്ച 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന നാടകത്തിലെ അഭിനയത്തിന് സ്വപ്‌ന രാജീവും സ്വന്തമാക്കി. മികച്ച നാടകങ്ങൾക്കുള്ള രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സെൻട്രൽ മാർക്കറ്റ് യൂണിറ്റിന്റെ 'മല്ലനും മാതേവനും', ഉം അൽ ഹസ്സം യൂണിറ്റ് അവതരിപ്പിച്ച 'ചില നേരങ്ങളിൽ ചിലർ' എന്നീ നാടകങ്ങൾക്കാണ് ലഭിച്ചത്. മികച്ച നടിക്കുള്ള രണ്ടാം സ്ഥാനം ഉം അൽ ഹസ്സം യൂണിറ്റിന്റെ 'ചില നേരങ്ങളിൽ ചിലർ' എന്ന നാടകത്തിലെ ദുർഗ്ഗ കാശിനാഥനും മൂന്നാം സ്ഥാനം ഹിദ്ദ് യൂണിറ്റ് അവതരിപ്പിച്ച 'സ്വത്വ'ത്തിലെ നേഹ ദിലീഫും സ്വന്തമാക്കി. മികച്ച നടനുള്ള രണ്ടാം സ്ഥാനം സെൻട്രൽ മാർക്കറ്റ് യൂണിറ്റിന്റെ 'മല്ലനും മാതേവനും' എന്ന നാടകത്തിലെ അഭിനയത്തിന് നജീബും മൂന്നാം സ്ഥാനം മനാമ സൂഖ് യൂണിറ്റ് അവതരിപ്പിച്ച 'പരേതന് പറയാനുള്ളത്' എന്ന നാടകത്തിലെ അഭിനയത്തിന് സജീവൻ ചെറുകുന്നും കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം വെസ്റ്റ് റിഫയുടെ 'അനുരാഗത്തിന്റെ ദിനങ്ങൾ' സംവിധാനം ചെയ്‌ത ജയൻ മേലത്തും ഹിദ്ദിൻറെ 'സ്വത്വം' സംവിധാനം ചെയ്‌ത പ്രജിത്ത് നമ്പ്യാരും വിനോദ് വി ദേവനും അർഹരായി. മികച്ച നാടകങ്ങൾക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് 'സ്വത്വം' നാടകത്തിന്റെ രചയിതാക്കളായ ഫിറോസ് തിരുവത്ര, പ്രജിത്ത് നമ്പ്യാർ എന്നിവർക്കും ടുബ്ലി അവതരിപ്പിച്ച 'അവൾക്കൊപ്പം' എന്ന നാടകത്തിന്റെ രചയിതാവായ ഹരീഷും അർഹരായി. കേരളത്തിലെ പ്രശസ്ത നാടകപ്രവർത്തകരായ ഉദിനൂർ ബാലഗോപാലൻ, പ്രകാശൻ കരിവെള്ളൂർ, അനിൽ നടക്കാവ്, വിനോദ് ആലന്തട്ട എന്നിവരടങ്ങിയ ജൂറിയായിരുന്നു നാടകങ്ങൾ വിലയിരുത്തിയത്. പ്രതിഭയുടെ പത്തൊമ്പത് യൂണിറ്റുകളാണ് നാടകങ്ങൾ അവതരിപ്പിച്ചത്. നാളെയാണ് പ്രഥമ പ്രതിഭ നാടക അവാർഡ് പ്രഖ്യാപിക്കുന്നത്.