മൂല്യവർദ്ധിത നികുതി പത്ത് ശതമാനമാകുന്പോൾ


മനാമ

അടുത്ത വർഷം ജനുവരി മുതൽ മൂല്യവർദ്ധിത നികുതി 10 ശതമാനമാക്കി വർധിപ്പിക്കാനുള്ള കരട് ബില്ലിന് ബഹ്റൈൻ മന്ത്രിസഭ അംഗീകാരം നൽകിയത് ജീവിത ചിലവുകൾ വർദ്ധിപ്പിക്കുമെന്ന ആശങ്ക പൊതുവെ ഉണ്ടാക്കുന്നുണ്ടെങ്കിലും കോവിഡ് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ ബഹ്റൈന് സഹായകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള അഞ്ച് ശതമാനത്തിൽനിന്ന് 10 ശതമാനമായി കൂട്ടാനുള്ള നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ബജറ്റിലെ വരവും ചെലവും സന്തുലിതമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടി. 2018 മുതൽ ആരംഭിച്ച പദ്ധതി 2024ൽ ലക്ഷ്യം നേടുന്നതിനാണ് തീരുമാനം. വാറ്റ് വർധനക്ക് പുറമേ, ശമ്പളം കുറക്കുക, സ്വദേശികൾക്കുള്ള സാമൂഹിക സുരക്ഷാപദ്ധതികൾ കുറക്കുക  തുടങ്ങിയവയാണ് ഉയർന്നിരിക്കുന്ന മറ്റ് നിർദേശങ്ങൾ. വാറ്റ് നിരക്ക് ഉയർത്തിയാലും നിലവിലുള്ള ഇളവുകൾ തുടരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 2019 ജനുവരിയിൽ വാറ്റ് ഏർപ്പെടുത്തിയത് മുതൽ പഞ്ചസാര, ഉപ്പ്, ഗോതമ്പ്, അരി, അവശ്യ പച്ചക്കറികൾ തുടങ്ങിയവയെ നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.   94 അവശ്യ ഭക്ഷ്യോൽപന്നങ്ങൾക്കും 1400 സർക്കാർ സേവനങ്ങൾക്കുമാണ് ഈ രീതിയിൽ നിലവിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.  അതിനാൽ, വാറ്റ് ഉയർത്തുന്നത് സാധാരണക്കാരെ കാര്യമായി ബാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

You might also like

Most Viewed