ബഹ്‌റൈനിൽ കഴിഞ്ഞ വർഷം 1,400 ലധികം പുതിയ ക്യാൻസർ കേസുകൾ; ആരോഗ്യരംഗത്തെ കണക്കുകൾ പുറത്തുവിട്ട് മന്ത്രാലയം
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈനിൽ 2024ൽ 1,400-ലധികം പുതിയ ക്യാൻസർ കേസുകളും 4,547 ഡയാലിസിസ് രോഗികളും രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാർലമെന്റിൽ എം.പി ജലാൽ കാദിമിന് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്. നാഷണൽ ക്യാൻസർ രജിസ്ട്രിയുടെ കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 1,230 പേർ ബഹ്‌റൈൻ പൗരന്മാരും 171 പേർ വിദേശികളുമാണ്. സ്വദേശികൾക്കിടയിൽ നടത്തിയ പരിശോധനയിൽ 695 സ്ത്രീകളിലും 535 പുരുഷന്മാരിലുമാണ് രോഗം സ്ഥിരീകരിച്ചത്. മുതിർന്ന പൗരന്മാർക്കിടയിലാണ് ക്യാൻസർ വ്യാപനം കൂടുതൽ കണ്ടുവരുന്നത്. കഴിഞ്ഞ വർഷം ക്യാൻസർ മൂലം 467 സ്വദേശികളടക്കം മൊത്തം 525 പേർ മരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി.
രാജ്യത്ത് നിലവിൽ 4,547 പേർ വൃക്കരോഗത്തെ തുടർന്ന് ഡയാലിസിസ് ചികിത്സ തേടുന്നുണ്ട്. ഇതിൽ 4,298 പേർ സ്വദേശികളും 249 പേർ വിദേശികളുമാണ്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഡയാലിസിസ് യൂണിറ്റിലും അബ്ദുറഹ്മാൻ കാനു ഡയാലിസിസ് സെന്ററിലുമായാണ് പ്രധാനമായും ചികിത്സ നൽകുന്നത്. കഴിഞ്ഞ വർഷം ഡയാലിസിസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി 47,064 തവണയാണ് രോഗികൾ ഈ കേന്ദ്രങ്ങളെ സമീപിച്ചത്. വൃക്ക തകരാർ മൂലം 65 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി 163 ക്യാൻസർ രോഗികളെയാണ് കഴിഞ്ഞ വർഷം ബഹ്‌റൈനിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്. ഇതിൽ സൗദി അറേബ്യ (58), ജോർദാൻ (44), തുർക്കിയ (42) എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേരെ അയച്ചത്. കൂടാതെ ജർമ്മനി, ഇന്ത്യ, യുകെ, തായ്‌ലൻഡ്, കുവൈത്ത് എന്നിവിടങ്ങളിലേക്കും രോഗികളെ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനായി സ്തനാർബുദം, പ്രോസ്റ്റേറ്റ്, ഗർഭാശയ ഗള ക്യാൻസർ എന്നിവയ്ക്കായുള്ള സ്ക്രീനിംഗ് പരിശോധനകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി മന്ത്രാലയം ഊർജ്ജിതമാക്കിയിട്ടുണ്ട്. പുകയില ഉപയോഗം കുറയ്ക്കുക, ആരോഗ്യകരമായ ഭഷ്യരീതി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിപുലമായ ബോധവൽക്കരണ കാമ്പയിനുകൾ നടന്നുവരികയാണ്. കൂടാതെ HPV, ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനുകൾ ക്യാൻസർ പ്രതിരോധത്തിന് വലിയ സഹായമാകുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അതിർത്തികളിൽ ഗൾഫ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കർശന പരിശോധനകൾ ആരോഗ്യവിഭാഗം നടത്തിവരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
weqeqweqwqwe

