പോത്തൻകോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർതൃ സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം: പോത്തൻകോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പണിമൂല സ്വദേശിനി വൃന്ദയെയാണ് ഭർത്താവിന്റെ സേഹാദരൻ സിബിൻലാൽ ആക്രമിച്ചത്. ഇയാൾ അറസ്റ്റിലായി. ഗുരുതരമായി പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വൃന്ദ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ എത്തിയ സിബിൻലാൽ കയ്യിൽ പ്ലാസ്റ്റിക് കവറിൽ കരുതിയിരുന്ന പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് തീകൊളുത്തിയ പന്തം എറിഞ്ഞു.
ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സിബിൻലാലിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിഷം കഴിച്ചുവെന്ന് സിബിൻലാൽ പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സിബിൻലാൽ മദ്യപിച്ചെത്തി വൃന്ദയെ ഉപദ്രവിക്കുന്നത് പതിവായതോടെയാണ് അവർ പോത്തന്‍കോട്ടേക്ക് താമസം മാറ്റിയത്. ഉച്ചയ്ക്ക് 12 മണിയോടെ തയ്യൽക്കടയിൽ എത്തിയായിരുന്നു ആക്രമണം. സിബിന്‍ലാലിനെ കണ്ടതോടെ വൃന്ദ കടയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു.