ബഹ്‌റൈനിൽ ഈ വർഷം 25,000 സ്വദേശികൾക്ക് തൊഴിൽ നൽകും: കിരീടാവകാശി


പ്രദീപ് പുറവങ്കര/മനാമ

2026ൽ 25,000 ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ചു. കിരീടാവകാശിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് രാജ്യത്തെ തൊഴിൽ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. രജിസ്റ്റർ ചെയ്ത ഓരോ ഉദ്യോഗാർത്ഥിക്കും 2025 അവസാനിക്കുന്നതിന് മുമ്പ് മൂന്ന് തൊഴിലവസരങ്ങൾ വീതം വാഗ്ദാനം ചെയ്യണമെന്ന നിർദ്ദേശം നടപ്പിലാക്കുന്നത് സംബന്ധിച്ച് കാബിനറ്റ് വിശദമായി ചർച്ച ചെയ്തു.

കഴിഞ്ഞ വർഷം തൊഴിൽ വിപണിയിൽ രാജ്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിശ്ചയിച്ചിരുന്ന വാർഷിക ലക്ഷ്യത്തിന്റെ 108 ശതമാനം കൈവരിക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം ആകെ 26,963 ബഹ്‌റൈനികൾക്ക് ജോലി ലഭിച്ചു. ഇതിൽ 9,149 പേർ ആദ്യമായി തൊഴിൽ വിപണിയിലെത്തിയ സ്വദേശികളാണ്. കൂടാതെ 15,000 പേർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകാനും സർക്കാരിന് സാധിച്ചു. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മൂന്ന് തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതി വഴി ഇതുവരെ 5,078 പൗരന്മാർക്ക് നിയമനം ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2026ൽ തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ തൊഴിൽ മന്ത്രാലയത്തിന് മന്ത്രിസഭ കർശന നിർദ്ദേശം നൽകി. ഈ വർഷം ലക്ഷ്യമിടുന്ന 25,000 നിയമനങ്ങളിൽ 10,000 പേർ പുതുതായി തൊഴിൽ വിപണിയിലേക്ക് വരുന്നവരായിരിക്കണം. ഇതിന് പുറമെ 15,000 സ്വദേശികൾക്ക് കൂടി തൊഴിൽ പരിശീലനം നൽകുന്നത് പുതിയ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. സ്വദേശി യുവാക്കൾക്ക് മികച്ച കരിയർ ഉറപ്പാക്കുന്നതിനായുള്ള പദ്ധതികൾക്ക് സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നതെന്ന് കിരീടാവകാശി വ്യക്തമാക്കി.

article-image

dsfadfsadsaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed