കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ : ബഹ്റൈനിലുള്ളവർ കോവിഡ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. പൊതുവെയുള്ള ജാഗ്രതാകുറവാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമമെന്നും, വലിയ അപകടമാണ് ഇത് വരുത്തിവെക്കുക എന്നും അവർ ഓർമ്മിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ മാത്രം പതിനഞ്ചായിരത്തോളം പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളിലെ ഒത്ത് ചേരലുകളിൽ നിന്നാണ് പ്രധാനമായും രോഗം വ്യാപിക്കുന്നതെന്നും, നിരുത്തരവാദിത്വപൂർണമായ സമീപനം സ്വീകരിക്കരുതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.
പ്രായം കൂടിയവരോടും ജീവിതശൈലി രോഗകൾ ഉള്ളവരോടും ഇടപ്പഴകുമ്പോഴും വീട്ടിനുള്ളിലായാൽ പോലും പരമാവധി നിർദേശങ്ങൾ പാലിക്കേണ്ടതാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തത് കാരണം കാപിറ്റൽ ഗവർണറേറ്റിലെ ഒരു പള്ളി കൂടി ഇസ്ലാമിക കാര്യമന്ത്രാലയം ഒരാഴ്ച്ചത്തേക്ക് അടപ്പിച്ചു. മുഹറഖിലും നോർത്തേൺ ഗവർണറേറ്റിലുമുള്ള ഓരോ പളളിമേധാവികൾക്കും മുന്നറിയിപ്പ് നൽകിയതായും മന്ത്രാലയ അധികൃതർ അറിയിച്ചു.
കോവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്ന് എഎംഎ ഇന്റർനാഷണൽ സ്കൂളിന്റെ പ്രൈമറി സെക്ഷൻ ഒമ്പത് ദിവസത്തേക്ക് അടപ്പിച്ചതായി ആരോഗ്യമന്ത്രാലയം അധികൃതരും അറിയിച്ചു. ഈ ദിവസങ്ങളിലുള്ള ക്ലാസുകൾ ഓൺലൈനിൽ നടക്കും.
മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ഇതുവരെയായി 74964 കേസുകൾ റെജിസ്റ്റർ ചെയ്തതായി അഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിച്ചില്ലെങ്കിൽ 20 ബഹ്റൈനി ദിനാറാണ് പിഴയായി ഈടാക്കുന്നത്.