ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചിച്ച് ബഹ്റൈൻ മാർത്തോമ്മാ ഇടവക

മനാമ: കാലം ചെയ്ത ഡോ. ജോസഫ്മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ അനുശോചിച്ച് ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ അനുസ്മരണയോഗം ഇടവക വികാരി റവ. മാത്യു കെ. മുതലാളിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഭദ്രാസനാധിപനായിരുന്ന തിരുമേനിയുടെ വിയോഗത്തിൽ ഇടവകയുടെ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സാമൂഹിക തിന്മകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, സഭയിലെ പരിഷ്കരണത്തിന് മുൻകൈയ്യെടുക്കുകയും, വിവിധ സഭകളുടെ ഐക്യത്തിന് നി
ലകൊള്ളുകയും ചെയ്ത അഭിവന്ദ്യതിരുമേനിയുടെ ദേഹവിയോഗം മാർത്തോമ്മാ സഭക്ക് മാത്രമല്ല പൊതുസമൂഹത്തിനു തന്നെ വലിയ നഷ്ടമാണെന്നും ലോക ക്രൈസ്തവ സമൂഹത്തിലെ അതുല്യനായ ഒരു വ്യക്തിത്വമായിരുന്നു അഭിവന്ദ്യ തിരുമേനി എന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.
യോഗത്തിൽ സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ബിജുമോൻ പൗലോസ്, സെൻറ് പോൾസ് മാർത്തോമാ ചർച്ച് വികാരി റവ. സാം ജോർജ്, സെൻറ് ഗ്രിഗോറിയോസ് ക്നാനായ ചർച്ച് വികാരി റവ. ഫാ. നോബിൾ തോമസ്, സി.എസ്.ഐ. സൗത്ത് കേരള ചർച്ച് വികാരി റവ. സുജിത് സുഗതൻ, സെൻറ് പീറ്റേഴ്സ് യാക്കോബായ ചർച്ച് വികാരി റവ. ഫാ. റോജൻ പേരകത്ത് , ഇടവക അസി. വികാരി വി.പി ജോൺ, ഇടവക സീനിയർ മെംബറും അൽ മൊയ്ദ് ഗ്രൂപ്പ് സി.ഇ.ഒ എം. ടി. മാത്യുസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, അഡ്വ. വി.കെ തോമസ്, സഭാ കൗൺസിൽ അംഗം കോശി സാമുവേൽ, വൈസ് പ്രസിഡൻറ് ചാക്കോ പി. മത്തായി, സെക്രട്ടറി റെജി ടി. എബ്രഹാം, ട്രസ്റ്റി ബിജു കുഞ്ഞച്ചൻ, ജോർജ് ഫിലിപ്പ്, ജേക്കബ് ജോർജ് എന്നിവർ അനുശോചനം അറിയിച്ചു.
മെത്രാപ്പോലീത്തായുടെ ജീവിതവും ബഹ്ൈറൻ സന്ദർശനവും അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോയും അനുശോചന സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.