എയർ ബബിൾ കരാർ; ബഹ്റൈൻ യാത്രക്കാർക്ക് ആശ്വാസമായി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചു

മനാമ: എയർബബിൾ കരാർ പ്രകാരം ഇനി മുതൽ 750 യാത്രക്കാരെ വീതം എയർ ഇന്ത്യ, ഗൾഫ് എയർ വിമാനങ്ങൾക്ക് നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് കൊണ്ടുവരാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. നേരത്തേ ഇത് 650 ആയിരുന്നു. ഇതോടെ അധികമായി ഇരുന്നൂറ് പേർക്ക് കൂടിയാണ് നേരിട്ട് ഓരോ ആഴ്ച്ചയിലും ബഹ്റൈനിലെയ്ക്ക് മടങ്ങിയെത്താൻ സാധിക്കുക.
ദുബൈ വഴിയും ഇപ്പോൾ നിരവധി പേർ ബഹ്റൈനിലേയ്ക്ക് എത്തുന്നുണ്ട്. അതേ സമയം കോവിഡിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച വന്ദേഭാരത് മിഷൻ വിമാനത്തിന്റെ നൂറാമത്തെ വിമാനം ഇന്നലെ ബഹ്റൈനിൽ നിന്നും 120 യാത്രക്കാരുമായി ബഹ്റൈനിലെത്തിയതായി എംബസി വൃത്തങ്ങൾ അറിയിച്ചു. 87 ഗൾഫ് എയർ വിമാനങ്ങളും ഇതുവരെയായി ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സർവ്വീസുകൾ നടത്തിയിട്ടുണ്ട്. ആകെ 29000 രത്തോളം പേരാണ് ഇത്തരത്തിൽ ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയിരിക്കുന്നത്. അതേസമയം നാട്ടിൽ നിന്ന് ബഹ്റൈനിലേയ്ക്ക് യാത്ര ചെയ്തത് അയ്യായിരത്തോളം പേരാണ്.