സഹപ്രവർത്തകന്റെ ചതിയിൽ പെട്ട് ദുരിതജീവിതം നയിച്ച അലോഷ്യസ് ഒടുവിൽ നാട്ടിലേയ്ക്ക് മടങ്ങി 


മനാമ:ജോലിസ്‌ഥലത്ത് സഹപ്രവർത്തകന്റെ കൊടിയ ചതിവിൽപ്പെട്ട് നാട്ടിലേക്കുള്ള മടക്കയാത്രയെന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞ മലയാളി ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെ നീണ്ട വര്ഷങ്ങള്ക്കു ശേഷം നാട്ടിലേക്ക് മടങ്ങി.കൊല്ലം തൃക്കടവൂർ സ്വദേശി ഏണസ്റ്റ് അലോഷ്യസ് എന്ന അറുപത്തഞ്ചു കാരനാണ് കഴിഞ്ഞ ദിവസം സ്വന്തം മണ്ണിലേക്ക് മടങ്ങിയത്.
ഗൾഫിൽ നല്ല നിലയിൽ ജീവിതം ആരംഭിച്ച അലോഷ്യസ് കൊല്ലത്ത് സ്വന്തം പേരിൽ ഉണ്ടായ സ്‌ഥലം വിറ്റാണ് വടകരക്കാരനായ വിജയൻ എന്ന പ്രവാസിയുമായി  ചേർന്ന് സ്വന്തമായി കൺസ്ട്രക്ഷൻ സ്‌ഥാപനം ആരംഭിച്ചത്.നല്ല നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു സ്‌ഥാപനം ഏറെ നാൾ മുന്നോട്ട് പോയി. അതിനിടെ പാർട്ടണർ ആയ വിജയൻ നാട്ടിലേയ്ക്ക് പോയി. വിജയൻ കമ്പനിക്കു വേണ്ടി 1000 ദിനാറിന്റെ സാധനങ്ങൾ കടം വാങ്ങിയിട്ടാണ് നാട്ടിലേയ്ക്ക് പോയത്. ആ പണത്തിന്റെ ബാധ്യത അലോഷ്യസിന്റെ ചുമലിലുമായി.അതിന്റെ പലിശയും കൂട്ടുപലിശയുമായി 3500 ദിനാറോളം ആയി. അതോടെ സ്വദേശി സ്പോൺസർ അലോഷ്യസിന്റെ പേരിൽ കേസ് നൽകുകയും  യാത്രാനിരോധനവും ആയി. അതിനിടെ കമ്പനി  നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി . ദുരിതകാലത്ത് ഭാര്യയും മക്കളും കൈയൊഴിഞ്ഞതോടെ പ്രവാസലോകത്ത് ഒറ്റപ്പെട്ട അവസ്‌ഥയിലായി അലോഷ്യസിന്റെ ജീവിതം.വിവാഹിതരായ പെൺമക്കളും പിതാവിനെ കൈവിട്ടു.പിതാവിന് എന്ത് സംഭവിച്ചതാണെന്നും പണം അയക്കത്തിന്റെ കാരണം എന്താണെന്നും  ചിന്തിക്കാൻ നാട്ടിലെ കുടുംബത്തിനായില്ല.അതോടെ മാനസികമായും തളർന്ന അലോഷ്യസ് തീർത്തും അലഞ്ഞു ജീവിക്കുന്ന അവസ്ഥയിലായി. പാസ്പോർട്ട്,സിപിആർ തുടങ്ങി ഒരു രേഖയും കൈവശമില്ല,റാസ്‌ റുമാനിൽ ബംഗ്ളാദേശുകാരുടെ താമസ സ്‌ഥലത്തെ ഒരു കോണിൽ അന്തിയുറക്കം. ആരെങ്കിലും നൽകുന്ന സഹായത്താൽ അന്നന്നത്തെ ഭക്ഷണം. ഇതായിരുന്നു അവസ്‌ഥ.  സാമൂഹ്യ പ്രവർത്തകർ എത്തിക്കുന്ന ഭക്ഷണവും ചികിത്സയുമായിരുന്നു ഇദ്ദേഹത്തിന്റെ ജീവൻ തന്നെ നിലനിർത്തിയത്.
2015  ൽ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസിൽ നരച്ച മുടിയും തളർന്ന ശരീരവുമായി സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂലയ്ക്കൊപ്പം  ഈ  അറുപതുകാരൻ എത്തിയത് തന്റെ യാത്രാനിരോധനം നീക്കണമെന്നും നാട്ടിലേയ്ക്ക് പോകാനുള്ള നടപടികൾ ഉണ്ടാക്കിത്തരണമെന്നുള്ള അപേക്ഷയുമായായിരുന്നു.സലാം മമ്പാട്ടുമൂല നിരവധി തവണ എംബസിയിലും മറ്റും അദ്ദേഹത്തിനുവേണ്ടി കയറിയിറങ്ങി.  പക്ഷെ കേസ് നിലനിൽക്കുന്നതിനാൽ ഇദ്ദേഹത്തിന് നാട്ടിലേയ്ക്ക് അയക്കുന്നതിന് ചില കടമ്പകൾ ഉണ്ടായിരുന്നു. അതിനിടെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒരു പരിപാടിക്കിടെ മാധ്യമ പ്രവർത്തകർ ഇദ്ദേഹത്തെ വേദിയിൽ എത്തിക്കുകയും ഇദ്ദേഹത്തിന്റെ കടം തീർക്കാൻ കുറച്ച് പണം സ്വരൂപിച്ചു ഐ സി ആർ എഫിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും കേസ് തീർപ്പാക്കാൻ ആയില്ല എന്ന് മാത്രമല്ല പലപ്പോഴും അലോഷ്യസ് പോകാനും തയ്യാറായില്ല.ഇപ്പോൾ വീണ്ടും ശരീരത്തെ രോഗവും പ്രായാധിക്യവും തളർത്തിയതോടെ എങ്ങനെയെങ്കിലും നാട്ടിൽ പോകാമെന്നായി. ഐ സി ആർ എഫ് അംഗം സുധീർ തിരുനിലത്ത് നാട്ടിലെ ഇദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോൾ സഹോദരി ഇദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യറാണെന്ന് അറിയിച്ചത് പ്രകാരം ഇന്ത്യൻ എംബസി  വീണ്ടും ഇദ്ദേഹത്തിനെ നാട്ടിലയക്കാനുള്ള ശ്രമം തുടർന്നു.ഐ സി ആർ എഫിന്റെ സഹായത്തോടെ  ഒടുവിൽ കഴിഞ്ഞ ദിവസം അലോഷ്യസ് നാട്ടിലേയ്ക്ക് മടങ്ങി. 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed