വാളയാര്‍ ബലാത്സംഗ കേസ്: കുട്ടികളുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അമ്മ തന്നെ രംഗത്ത്
പാലക്കാട്: വാളയാര്‍ ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി നടപിടക്കെതിരെ വന്‍ രോക്ഷമാണ് ഉയരുന്നത്. മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. കുട്ടികളുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അമ്മ തന്നെ രംഗത്തെത്തി. മൂത്ത മകള്‍ മരിച്ച ദിവസം പ്രതികളില്‍ ഒരാളായ വി. മധു വീട്ടില്‍ നിന്നും പോകുന്നത് ഇളയ മകള്‍ കണ്ടിരുന്നു. അന്ന് തന്നെ കുട്ടി ഈ വിവരം പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ മധുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഉടന്‍ തന്നെ വിട്ടയച്ചു. പ്രതികള്‍ക്ക് പാര്‍ട്ടി സഹായം ലഭിച്ചിട്ടുണ്ടെന്നും മധു സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്നുവെന്നും പെണ്‍കുട്ടികളുടെ അമ്മ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേസ് ജയിക്കുമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസും പ്രതികളും തമ്മിലുള്ള ഒത്തുകളിയായിരുന്നു ഇത്. മൂത്ത മകള്‍ മരിക്കുന്ന ദിവസം രണ്ട് പേര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയമകള്‍ അന്ന് തന്നെ പോലീസിനോട് പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു. താന്‍ പീഡനത്തനിരയായെന്ന കാര്യം മൂത്തകുട്ടി പറഞ്ഞിരുന്നില്ല. മാതാപിതാക്കളോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും അമ്മ പറയുന്നു.
സ്‌കൂള്‍ അവധിയായിരിക്കെ പെണ്‍കുട്ടികളുടെ പിതാവ് കാലിന് സുഖമില്ലാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അന്ന് അച്ഛനെ കാണാനെന്ന വ്യാജേന മധു വീട്ടിലെത്തി. തുടര്‍ന്ന് ഷെഡ്ഡില്‍ പോയി വരാമെന്ന് അച്ഛനോട് പറഞ്ഞ് ഇയാള്‍ പുറത്തേക്കിറങ്ങി. പിന്നീട് ഷെഡ്ഡിന് പിന്നിലൂടെ എത്തി മൂത്ത പെണ്‍കുട്ടിയെ വിളിച്ചു. അച്ഛന് വെള്ളം വേണമെന്ന് പറഞ്ഞു. പിന്നീട് അച്ഛന്‍ ജനലിലൂടെ നോക്കുമ്പോള്‍ മകളെ ചുമരില്‍ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന മധുവിനെയാണ് കണ്ടത്. അച്ഛന്‍ വിളിച്ചതോടെ ജനലിലൂടെ ചാടി മധു രക്ഷപ്പെട്ടു. പണിക്ക് പോയ അമ്മ തിരികെ എത്തുമ്പോള്‍ വീടിന്റെ പടിയിലിരുന്നു കരയുന്ന അച്ഛനെയാണ് കണ്ടത്. പിന്നീട് കാര്യം തിരക്കിയപ്പോഴാണ് മകള്‍ക്കുണ്ടായ ദുരനുഭവം അച്ഛന്‍ വിവരിക്കുന്നത്.

