പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കാലതാമസമെടുക്കുന്നു
മനാമ:ബഹ്റൈനില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പലപ്പോഴും കാലതാമസമെടുക്കുന്നത് പതിവാകുന്നു.ഇന്ത്യൻ എംബസി ഒഴികെയുള്ള ബഹ്‌റൈൻ മന്ത്രാലയങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ പലപ്പോഴും കാലതാമസമെടുക്കുന്നതാണ് ഇത്തരത്തിൽ മൃതദേഹങ്ങൽ അയക്കുന്നതിനുള്ള തുടർനടപടികൾ വൈകുന്നതിന് കാരണം.അവധി ദിവസങ്ങളിലോ തൊട്ടു മുൻപുള്ള ദിവസങ്ങളിലോ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ പലപ്പോഴും ദിവസങ്ങളോളം വൈകാൻ ഇടയാക്കുന്നുണ്ട്. അത് കൂടാതെയാണ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്ന ഓഫീസുകളിൽ ഉണ്ടാകുന്ന തിരക്കും സാങ്കേതിക തടസ്സങ്ങളും. പലപ്പോഴും സിസ്റ്റം ഡൌൺ എന്നുള്ള കാരണങ്ങളും നടപടികൾ വൈകാൻ ഇടയാക്കുന്നുണ്ട്.
ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും ബഹ്‌റൈൻ മന്ത്രാലയങ്ങളിലെ ഇത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കാൻ നിലവിൽ യാതൊരു മാർഗവും ഇല്ല. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച് മലയാളികളുടെ ശക്തമായ ഇടപെടൽ കൊണ്ട് മാത്രമാണ് മൃതദേഹങ്ങൾ അയക്കുന്നതിനുള്ള നടപടികൾ കുറച്ചെങ്കിലും വേഗത്തിൽ ആകുന്നത്.
മൃതദേഹങ്ങൾ നാട്ടിൽ അയക്കുന്ന നടപടികൾ നടത്തുന്നതിന് പ്രത്യേകം ചുമതലപ്പെടുത്തിയ ഏജന്റുമാർ ഉണ്ടെങ്കിൽ പോലും സാമൂഹ്യ പ്രവർത്തകർ കൂടി ഇടപെട്ടാൽ മാത്രമേ ഓരോ ഓഫീസുകളിലും കടലാസു പണികൾ വേഗത്തിലാകുന്നുള്ളൂ. കമ്പനികൾ ഇക്കാര്യത്തിൽ ഏജന്റുമാരുടെ സഹായം തേടുകയാണ് ചെയ്യുന്നത്. ഏജന്റുമാർ ആകട്ടെ അവരുടെ ഒരു തൊഴിലിന്റെ ഭാഗമായി മാത്രം ഇതിനെ കാണുന്നതിനാൽ നടപടികൾ വേഗത്തിലാക്കാനോ ബന്ധുക്കളുടെ സാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കാനോ മുതിരുന്നില്ല. അത് കൊണ്ട് തന്നെ കമ്പനികൾ ഏജന്റുമാരെ ഏൽപ്പിച്ച ദൗത്യത്തിൽ സാമൂഹ്യ പ്രവർത്തകർക്ക് ഇടപെടാനും സാധിക്കുന്നില്ല.എങ്കിലും ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തകർ ഇക്കാര്യത്തിൽ പ്രശംസാർഹമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
മൃതദേഹ നടപടികൾക്ക് ഏകജാലക സംവിധാനം വേണം
ബഹ്‌റൈനിൽ വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ഇപ്പോൾ തുടരുന്ന രീതി കാലതാമസം ഉണ്ടാക്കുന്നുവെന്നും, പ്രത്യേകിച്ചും ഒഴിവു ദിവസ്സങ്ങളിൽ ബന്ധുക്കൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും, ഇതൊഴിവാക്കുവാൻ ഏക ജാലക സംവിധാനത്തിനായി അധികാരികളെ സമീപിച്ചിട്ടുണ്ടെന്നും പൊതു പ്രവർത്തകനായ കെ ടി സലിം ഫോർ പി എം ന്യൂസിനോട് പറഞ്ഞു.
പൊതു സമൂഹവും വിവിധ സംഘടനാ - സാമൂഹിക നേതാക്കളും ഇക്കാര്യം ഏറ്റെടുക്കണമെന്നും സാമൂഹിക പ്രവർത്തകനായ കെ.ടി. സലിം അഭ്യർത്ഥിച്ചു. ഇപ്പോൾ ഒരു പ്രവാസി ബഹ്‌റൈനിൽ നിര്യാതനായാൽ മോർച്ചറിയിൽ നിന്നും ലഭിക്കുന്ന കോസ് ഓഫ് ഡെത്ത് പേപ്പറുമായി ബർത്ത് ആൻഡ് ഡെത്ത് വിഭാഗത്തിൽ നിന്നും ഡെത്ത് സർട്ടിഫിക്കറ്റ് , പിന്നീട് എംബസ്സിയിൽ നിന്നുള്ള രേഖകൾ, മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്‌സ് , സി.ഐ.ഡി. നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയാണ് ലഭ്യമാക്കേണ്ടത്.
ഈ ഓഫീസുകൾ എല്ലാം തന്നെ ബഹ്റിന്റെ പല പ്രദേശങ്ങളിലാണ് സ്‌ഥിതി ചെയ്യുന്നത്.ബഹ്‌റൈനിലെ ഗതാഗതക്കുരുക്കുകൾ കടന്ന് പലയിടങ്ങളിലും കയറി ഇറങ്ങി സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കുമ്പോഴേയ്ക്കും ഓഫീസുകളിൽ നിയോഗിക്കപ്പെട്ട വ്യക്തികൾ ചിലപ്പോൾ വിശ്രമ സമയം,ഭക്ഷണ സമയം അങ്ങനെ പല തിരക്കുകളിലും പെട്ട സാഹചര്യത്തിലായതിനാൽ സർട്ടിഫിക്കറ്റുകൾ അനുവദിച്ചുകിട്ടുന്നത് നീണ്ടുപോകുന്നു.
ഈ അവസ്ഥ ഒഴിവാക്കി, ഇക്കാര്യത്തിൽ ഏക ജാലക സംവിധാനത്തിൽ ഒരു ഓഫീസിൽ മാത്രം രേഖകൾ സമർപ്പിക്കുന്ന രീതി കൊണ്ടുവരികയാണെങ്കിൽ ഇക്കാര്യത്തിൽ പ്രവാസികളുടെ പ്രയാസം വലിയ ഒരളവ് കുറയ്ക്കാൻ സാധിക്കും. പ്രവാസികളുടെ മരണ നിരക്ക് കൂടിവരുന്നതിനാലും, ഒഴിവ് ദിവസ്സനങ്ങളിൽ ഡെത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്യുന്നതിനാൽ ഈ ആവശ്യത്തിന് കൂടുതൽ പ്രസക്തി ഉണ്ട്.
ഗൾഫിലെ തന്നെ മറ്റൊരു രാജ്യത്ത് ഇപ്പോൾ ഇക്കാര്യത്തിൽ ഏക ജാലക സംവിധാനം നടപ്പിലാക്കിയ കാര്യവും ഇത്തരുണത്തിൽ പ്രസക്തമാണ്. ഏക ജാലക സംവിധാനം നിലവിൽ വന്നാൽ വിവിധ ഓഫീസുകൾ കയറി ഇറങ്ങുന്നതിന് ഏജൻറ്റുമാരെ ഏൽപ്പിക്കുന്ന രീതി അവസാനിപ്പിക്കുവാനും കഴിയുമെന്നും സലിം അഭിപ്രായപ്പെട്ടു..

