ഇന്ത്യൻ ക്രിക്കറ്റ് ടീം ജഴ്സിയുടെ സ്പോൺസർഷിപ് അവകാശം സ്വന്തമാക്കി ‘ബൈജൂസ് ആപ്പ്’
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിഖ്യാതമായ നീല ജഴ്സിയിൽ ‘മലയാളി കയ്യൊപ്പും’. ഇന്ത്യൻ ടീം ജഴ്സിയുടെ സ്പോൺസർഷിപ് അവകാശം മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ ‘ബൈജൂസ് ആപ്പ്’ സ്വന്തമാക്കി. നിലവിലെ സ്പോൺസറായ ചൈനീസ് മൊബൈൽ ബ്രാൻഡ് ഒപ്പോയ്ക്കു പകരമാണ് ‘ബൈജൂസ് ആപ്പ്’ ഇന്ത്യൻ ജഴ്സിയിൽ ഇടംപിടിക്കുക. ആഗസ്റ്റ് മൂന്നു മുതൽ സപ്റ്റംബർ രണ്ടു വരെ നീളുന്ന വെസ്റ്റിൻഡീസ് പര്യടനത്തോടെ ഒപ്പോ ഇന്ത്യൻ ജഴ്സിയിൽനിന്നു പുറത്താകും. സപ്റ്റംബർ 15ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തോടെ ‘ബൈജൂസ് ആപ്പ്’ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിക്കും. 2017ലാണ് ഇന്ത്യൻ ജഴ്സിയുടെ സ്പോൺസർഷിപ് അവകാശം ഒപ്പോ സ്വന്തമാക്കിയത്. 768 കോടി രൂപയുമായി രംഗത്തുണ്ടായിരുന്ന വിവോ മൊബൈൽസിനെ പിന്തള്ളി 1079 കോടി രൂപയ്ക്കാണ് അഞ്ചു വർഷത്തേക്ക് ഒപ്പോ കരാർ സ്വന്തമാക്കിയത്. ഈ അവകാശമാണ് ചൈനീസ് കന്പനി ബൈജൂസ് ആപ്പിന് മറിച്ചുവിറ്റത്. ഫലത്തിൽ, 2022 മാർച്ച് 31 വരെ ബൈജൂസ് ആപ്പ് ഇന്ത്യൻ ജഴ്സിയിൽ ഉണ്ടാകും. ഇന്ത്യയിൽ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ ഏറ്റവും മൂൽയം നേടിയെടുത്ത കന്പനികളിൽ ഒന്നാണ് കണ്ണൂരുകാരൻ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്.
2017ൽ ഒപ്പിട്ട കരാറിനൊപ്പിച്ചുള്ള തുക തുടർന്നും നൽകാനുള്ള ബുദ്ധിമുട്ടിനെ തുടർന്നാണ് ഒപ്പോ കരാർ ബൈജൂസ് ആപ്പിന് മറിച്ചുനൽകിയത്. ഇരു കന്പനികളും ബി.സി.സി.ഐയുടെ അനുമതിയോടെ ചട്ടപ്രകാരം നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാർ അതേ തുകയ്ക്ക് ബൈജൂസ് ആപ്പിന് മറിച്ചുനൽകാൻ ധാരണയായത്. ഇതോടെ, ഇതുവരെ ഒപ്പോയിൽ നിന്നു ലഭിച്ചിരുന്ന അതേ തുക തന്നെ ജഴ്സി സ്പോൺസർഷിപ്പിന്റെ പേരിൽ ബൈജൂസ് ആപ്പിൽനിന്ന് ബി.സി.സി.ഐയ്ക്ക് തുടർന്നും ലഭിക്കും.
ഉഭയകക്ഷി പരന്പരകളിലെ ഓരോ മത്സരത്തിനും 4.61 കോടി രൂപയാണ് ഒപ്പോ കരാർപ്രകാരം ബി.സി.സിഐയ്ക്ക് നൽകിയിരുന്നത്. ഐ.സി.സി ടൂർണമെന്റുകളിൽ ഇത് ഓരോ മത്സരത്തിനും 1.56 കോടി രൂപയാണ്. ബൈജൂസ് ആപ്പ് തുടർന്നും ഇതേ തുക തന്നെ ബിസിസിഐയ്ക്കു നൽകും. മുൻപ് ജഴ്സി സ്പോൺസറായിരുന്ന സ്റ്റാർ ഇന്ത്യ ഉഭയകക്ഷി പരന്പരകളിലെ ഓരോ മൽസരത്തിനും 1.92 കോടിയും ഐ.സി.സി ടൂർണമെന്റുകളിലെ ഓരോ മത്സരത്തിനും 61 ലക്ഷം രൂപയുമാണ് ബി.സി.സി.ഐയ്ക്ക് നൽകിയിരുന്നത്.

