വേനൽചൂട് കടുത്തു; ബഹ്‌റൈനിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി അധികൃതർ


പ്രദീപ് പുറവങ്കര

മനാമ: വേനൽക്കാല താപനില ഉയരുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ കേടാകാനും നിയമലംഘനങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത മുൻനിർത്തി ബഹ്‌റൈനിലെ റെസ്റ്റോറന്റുകൾ, ബേക്കറികൾ, കോൾഡ് സ്റ്റോറുകൾ, കഫറ്റീരിയകൾ എന്നിവടങ്ങളിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി.

കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ വിൽപനയ്ക്ക് വെക്കുക, ശുചിത്വമില്ലായ്മ, കീടങ്ങളുടെ ശല്യം, ഡ്രെയിനേജ് പ്രശ്നങ്ങൾ, കുടിവെള്ള കുപ്പികൾ നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിൽ സൂക്ഷിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ മുനിസിപ്പൽ ഇൻസ്പെക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചില കോൾഡ് സ്റ്റോറുകളിൽ പഴയ സ്റ്റോക്കുകൾ പുതിയവയോടൊപ്പം കലർത്തി വിൽക്കുന്നതായും കണ്ടെത്തി. ചില സ്ഥാപനങ്ങളിൽ അനധികൃത മരുന്ന് വിൽപനയും വിലവിവരപ്പട്ടികയിലെ അപാകതകളും അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നോർത്തേൺ മുനിസിപ്പൽ കൗൺസിലിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ കമ്മിറ്റി യോഗത്തിൽ വിവിധ സർക്കാർ പ്രതിനിധികൾ പങ്കെടുത്തു. റാൻഡം പരിശോധനകൾക്ക് പകരം റിസ്ക് സാധ്യതകൾ വിലയിരുത്തിയാണ് നിലവിൽ പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഷവർമ ഷോപ്പുകൾ, ബേക്കറികൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പരിശോധനയിൽ മുൻഗണന നൽകുന്നത്.

ഔദ്യോഗിക പ്ലാറ്റ്‌ഫോമായ 'തവാസുൽ' (Tawasul) സിസ്റ്റം, ഹോട്ട്‌ലൈൻ, വാട്‌സ്ആപ്പ് എന്നിവ വഴി പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതും ഭക്ഷ്യവിഷബാധയേറ്റെന്ന സംശയവുമാണ് പരാതികളിൽ ഭൂരിഭാഗവും. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എല്ലാ അസുഖങ്ങളും ഭക്ഷ്യവിഷബാധ മൂലമല്ലെന്നും ചിലത് അലർജിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ കാരണമാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കും. കർശനമായ ഈ പരിശോധനകൾ വിവിധ മേഖലകളിൽ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

article-image

fsfsff

You might also like

  • Lulu Exchange
  • Straight Forward

Most Viewed