വാഹനങ്ങൾ മുതൽ വ്യാജമരുന്ന് വരെ:സെക്കൻഡ്ഹാൻഡ് സാധനങ്ങളുടെ ഓൺ ലൈൻ വിൽപന സജീവം


രാജീവ് വെള്ളിക്കോത്ത് 

മനാമ: ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ ഉപയോഗിച്ച സാധങ്ങളുടെ വിൽപ്പന സജീവമാകുന്നു. വാഹനങ്ങളിൽ തുടങ്ങിയ വിൽപ്പന വ്യാജ മരുന്നുകളിൽ വരെ എത്തി നിൽക്കുകയാണ് സോഷ്യൽ മീഡിയ വഴിയുള്ള വിൽപ്പന. പ്രത്യേകിച്ച് അവധിക്കാലം തുടങ്ങിയതോടെ പ്രവാസം മതിയാക്കി  നാട്ടിൽ പോകുന്നവരുടെ എണ്ണം കൂടിയതോടെ  സെക്കൻഡ് ഹാൻഡ് സാധനങ്ങളുടെ വിൽപ്പന സജീവമായിരിക്കുകയാണ്.പലർക്കും ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ ഉപകാരപ്രദമാണെങ്കിലും  ചില ചൂഷണങ്ങളും കബളിപ്പിക്കലും കൂടി ഇത്തരം വില്പനകൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്.
 
ഗൃഹോപകരണങ്ങൾ മുതൽ ബ്രാൻഡഡ് വസ്ത്രങ്ങൾ, ഷൂ എന്നിവ വരെ സോഷ്യൽ മീഡിയയിൽ കൂടിയുള്ള വിൽപന നടക്കുന്നുണ്ട്. ഉപയോഗിച്ച ഉൽപ്പന്നങ്ങളുടെ വില വിപണിയിൽ ലഭിക്കുന്ന വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ആയതു കൊണ്ട് തന്നെ ഇപ്പോൾ ഇത്തരം ഉൽപ്പന്നങ്ങൾ സോഷ്യൽ മീഡിയ വഴി നന്നായി വിറ്റഴിക്കപ്പെടുന്നുണ്ട്.ഉയർന്ന വൈദ്യുതി നിരക്കും വാടകയും താങ്ങാനാകാതെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവർക്ക് അവരുടെ ഗൃഹോപകരണങ്ങൾ പലതും നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ നിലവിലെ കാർഗോ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ  നാട്ടിൽഅവ ലഭ്യമാകുന്നതിനേക്കൾ കൂടിയ നിരക്ക് നൽകേണ്ടി വരുന്നു. അത് കൊണ്ട് തന്നെ നാട്ടിലേയ്ക്ക് പോകുന്നവരാണ് സോഷ്യൽ മീഡിയാ വിൽപനയെ കൂടുതലും ആശ്രയിക്കുന്നത്.
ബഹ്‌റൈനിൽ പുതുതായി എത്തുന്നവർക്കും ഇത്തരം സെക്കൻഡ് ഹാൻഡ് സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത് അനുഗ്രഹമാണ്.
 
ചൂട് കാലമായതോടെ എയർ കണ്ടീഷണറുകൾക്കാണ് ഏറ്റവും വലിയ ഡിമാൻഡ് .മൊബൈൽ ഫോണുകൾ,ഐ പാഡുകൾ ,ലാപ് ടോപ്പ്,ഫർണീച്ചറുകൾ,ഗ്യാസ് അടുപ്പുകൾ,ടെലിവിഷൻ,വാഷിംഗ് മെഷീൻ,സോഫാ,സൈക്കിൾ,സംഗീത ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇത്തരത്തിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നവ. മുൻപ് ചില സ്‌ഥാപനങ്ങൾ മൊത്തമായി ഇത്തരം സാധനങ്ങൾ വാങ്ങി വിറ്റിരുന്ന  പ്രവർത്തികൾ സോഷ്യൽ മീഡിയ  ഏറ്റെടുത്തിരിക്കുകയാണ്. അതോടെ ഉപയോഗിച്ച സാധനങ്ങൾ വാങ്ങി വിൽപ്പന നടത്തിയിരുന്ന നിരവധി സ്‌ഥാപനങ്ങളുടെ വ്യാപാരം മന്ദഗതിയിൽ ആയിട്ടുണ്ട്. എന്നാൽ തങ്ങൾ ഇത്തരം സഥാനങ്ങൾ വിൽക്കുമ്പോൾ അതിന്റെ ഗുണനിലവാരം അടക്കം പരിശോധിച്ചാണ് വില നിശ്ചയിച്ചിരുന്നത് എന്നും സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ മാത്രം കണ്ട് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ പലരും കബളിപ്പിക്കപ്പെടുകയാണെന്ന് മനാമയിൽ ഓക് ക്ഷൻ സ്‌ഥാപനം നടത്തുന്ന കണ്ണൂർ സ്വദേശി പറഞ്ഞു.
 
റഫ്രിജറേറ്ററുകൾ പോലുള്ള ഗാർഹികോപകരണങ്ങൾ ഉപയോഗ ശൂന്യമായത് വരെ ഇത്തരത്തിൽ വിൽപന നടത്തുന്ന ചതിവും   ഇത്തരം വ്യാപാരങ്ങളിൽ ഒളിഞ്ഞുകിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ പോകുന്ന കാരണത്താൽ എല്ലാം മോഹവിലയ്ക്ക് വിറ്റഴിക്കുന്നു എന്നുള്ള പരസ്യത്തിൽ വിശ്വസിച്ച് നിരവധി പേര് ചില കള്ള ഉൽപ്പന്നങ്ങൾ വാങ്ങി ചതിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതിനിടയിൽ തന്നെ കഷണ്ടി മാറാൻ തടി കുറയാൻ,മുടിയുടെ നര മാറ്റാൻ,തുടങ്ങി പ്രവാസികൾ ഏറെ ശ്രദ്ധിക്കുന്ന വിഷയങ്ങളിൽ വ്യാജ മരുന്ന് വിൽപ്പനയും സോഷ്യൽ മീഡിയ വഴി നടന്നു വരുന്നുണ്ട് .

You might also like

  • Lulu Exchange
  • Straight Forward

Most Viewed