ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് 10,000 കോടിയുടെ ഫണ്ട് ലഭ്യമാക്കാൻ ശുപാർശ
മുംബൈ: രാജ്യത്തെ മൈക്രോ സ്മോൾ മീഡിയം എന്‍റർപ്രൈസസുകൾക്ക് (എംഎസ്എംഇ) 10,000 കോടിയുടെ സർക്കാർ ഫണ്ട് ലഭ്യമാക്കാൻ റിസർവ് ബാങ്ക് പാനലിന്‍റെ ശുപാർശ. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ രൂപീകൃതമായ സെബി മുൻ ചെയർമാൻ യു.കെ സിൻഹ അദ്ധ്യക്ഷനായ പാനലാണ് ഈ റിപ്പോർട്ട് റിസർവ് ബാങ്ക് ഗവർണർക്കു സമർപ്പിച്ചിരിക്കുന്നത്.എംഎസ്എംഇ സ്ഥാപനങ്ങളെ നിർണയിക്കാനുള്ള മാനദണ്ഡം തൊഴിലാളികളുടെ എണ്ണത്തിനു പകരം സ്ഥാപനങ്ങളുടെ വാർഷിക വിറ്റുവരവ് ആക്കണമെന്നും ജിഎസ്ടി സംവിധാനം നിലവിൽ വന്നിട്ടുള്ളതിനാൽ സ്ഥാപനങ്ങളുടെ വിറ്റുവരവ് കണ്ടെത്തുക താരതമ്യേന എളുപ്പമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2006ലെ എംഎസ്എംഇഡി ആക്ടിന്‍റെ സ്ഥാനത്തു പുതിയ എംഎസ്എംഇ കോഡ് കൊണ്ടുവരുക, ചെറുകിട സ്ഥാപനങ്ങളുടെ വികസനത്തിനു സംസ്ഥാന സർക്കാരിന്‍റെയും സിഡ്ബിയുടെയും പങ്കാളിത്തം ഉറപ്പാക്കുക, ജില്ലാതലത്തിൽ എന്‍റർപ്രൈസ് ഡവലപ്മെന്‍റ് സെന്‍ററുകൾ സ്ഥാപിക്കുക, തുടങ്ങിയ ശുപാർശകളും പാനൽ സമർപ്പിച്ചിട്ടുണ്ട്.

