ശ്രീഹരിക്കോട്ടയിൽ നിന്ന് ജിഎസ്‌എൽവി എഫ്-17 വിജയകരമായി കുതിച്ചുയർന്നു; ഐഎസ്ആർഒയ്ക്ക് മികച്ച തിരിച്ചുവരവ്
ഷീബ വിജയൻ
ജിഎസ്‌എൽവി എഫ്-17 വിക്ഷേപണം വിജയകരമായതിനു പിന്നാലെ ഐഎസ്ആർഒയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ ഇത് മറ്റൊരു ചരിത്രനേട്ടമാണെന്നും ബഹിരാകാശ രംഗത്തെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണെന്നും അദ്ദേഹം പ്രതികരിച്ചു. ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്നും, ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണെന്നും രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് ഇത് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ഇന്ന് പുലർച്ചെ 2.55-നാണ് ജിഎസ്‌എൽവി എഫ്-17 കുതിച്ചുയർന്നത്. ഈ ദൗത്യം വിജയിച്ചതോടെ നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആർഒ വലിയൊരു തിരിച്ചുവരവ് നടത്തി വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയച്ചത്. വിക്ഷേപണത്തിനു മുന്നോടിയായി 52 മീറ്റർ ഉയരമുള്ള മൂന്നു ഘട്ടങ്ങളുള്ള ജിഎസ്‌എൽവി-എഫ്17 റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ച് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. 2,367 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-05 ഉപഗ്രഹം പത്തു വർഷത്തെ ആയുസ്സ് ലക്ഷ്യമിട്ടാണ് നിർമിച്ചിരിക്കുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിൽ പ്രവേശിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഭൗമനിരീക്ഷണ ഇമേജിംഗ് ഉപഗ്രഹമാണിത്. സാധാരണ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥങ്ങളിൽ കറങ്ങുമ്പോൾ ഒരു നിശ്ചിത പ്രദേശത്തിന്റെ ദൃശ്യങ്ങൾ ഇടവിട്ടു മാത്രമേ ലഭ്യമാകൂ എങ്കിലും, ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ഇഒഎസ്-05 ഉപഗ്രഹത്തിന് രാജ്യത്തെ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. ഇത് കൊടുങ്കാറ്റ്, പ്രളയം, മിന്നൽ പ്രളയങ്ങൾ, ഇടിമിന്നൽ എന്നിവ കൃത്യമായി മുൻകൂട്ടി അറിയാനും കാർഷിക-വനാതിർത്തി നിരീക്ഷണങ്ങൾക്കും കാലാവസ്ഥാ വിശകലനങ്ങൾക്കും രാജ്യത്തിന് വൻ കരുത്താകും.
ജിഎസ്‌എൽവി റോക്കറ്റിന്റെ 19-ാമത് ദൗത്യമാണിത്. 420.5 ടൺ ഭാരമുള്ള ഈ റോക്കറ്റിന്റെ പ്രധാന കരുത്ത് പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് അപ്പർ സ്റ്റേജാണ്. തുടക്കകാലത്തെ ചില അസ്ഥിരതകൾ കാരണം 'നോട്ടി ബോയ്' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജിഎസ്‌എൽവി, പിന്നീട് ബാക്ക് ടു ബാക്ക് വിജയങ്ങളിലൂടെ ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണവാഹനങ്ങളിൽ ഒന്നായി മാറുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നേരിട്ട തിരിച്ചടികൾ മറികടന്ന് ബഹിരാകാശ ഗവേഷണരംഗത്ത് തങ്ങളുടെ പഴയ കരുത്ത് വീണ്ടെടുക്കാൻ ഐഎസ്ആർഒയ്ക്ക് ഈ ജിഎസ്‌എൽവി ദൗത്യത്തിന്റെ വിജയത്തോടെ സാധിച്ചു.
dfsdfsdfsdfsdfsa

