റെക്കോർഡ് സൃഷ്ടിക്കാനൊരുങ്ങി ശാസ്ത്രപ്രതിഭാ പരീക്ഷ
മനാമ : ഏറ്റവും കൂടുതൽ കുട്ടികളെ ഒരേ വിഷയത്തിൽ പരീക്ഷയ്ക്കിരുത്തി റെക്കോർഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് ബഹ്‌റൈൻ സയൻസ് ഇന്ത്യ ഫോറം സംഘാടകർ. ഇന്ത്യൻ എംബസി, വിജ്ഞാന ഭാരതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആറാമത് ശാസ്ത്ര പ്രതിഭാ പരീക്ഷയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി റെക്കോർഡ് സൃഷ്ടിക്കാൻ സംഘാടകർ ഒരുങ്ങുന്നത്. മെയ് 31ന് അതാത് സ്‌കൂളുകളിൽ വെച്ചായിരിക്കും പ്രാഥമിക പരീക്ഷ നടക്കുക.
മുൻ കാലഘട്ടങ്ങളിൽ പരീക്ഷയിൽ താൽപ്പര്യമുള്ളവർ മാത്രം എഴുതിയിരുന്ന പരീക്ഷ ഇപ്പോൾ പല സ്‌കൂളുകളും മുഴുവൻ കുട്ടികളെയും പരീക്ഷയ്ക്കിരുത്താൻ തയ്യാറായതോടെയാണ് ഇത്തരത്തിലുള്ള പരീക്ഷ ചരിത്രത്തിൽ തന്നെ ഇടം നേടാൻ ഒരുങ്ങുന്നത്. ഇത്തവണ ഏകദേശം 12,000ത്തോളം വിദ്യാർത്ഥികളാണ് ഒരേ ദിവസം ഒരേ സമയത്ത് ഈ പരീക്ഷ എഴുതുക. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ ഹൊറൈസൺ, അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ, ക്വാളിറ്റി എജ്യുക്കേഷൻ സ്‌കൂൾ എന്നീ സ്‌കൂളുകളിലെ കുട്ടികളാണ് കഴിഞ്ഞ ആറ് വർഷങ്ങളായി ഈ പരീക്ഷ എഴുതി വരുന്നത്. ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ ന്യൂ മില്ലേനിയം സ്‌കൂൾ, അൽ നൂർ സ്‌കൂൾ, ന്യൂ ഹൊറൈസൺ സ്‌കൂൾ എന്നീ സ്‌കൂളുകളിലെ അർഹരായ എല്ലാ കുട്ടികളെയും പരീക്ഷ എഴുതിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സയൻസ് ഇന്ത്യ ഫോറം ഭാരവാഹികൾ പറഞ്ഞു.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളെ സബ് ജൂനിയർ വിഭാഗമായും, എട്ട്, ഒൻപത്, പത്ത് ക്ലാസുകളെ ജൂനിയർ വിഭാഗമായും, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളെ സീനിയർ വിഭാഗമായും കണക്കാക്കിയാണ് പരീക്ഷ എഴുതിക്കുന്നത്. ഓരോ ഗ്രൂപ്പുകൾക്കും പ്രത്യേകം പ്രത്യേകം ചോദ്യാവലികൾ ഉണ്ട്. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ നടത്തുക. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നൂറ് ചോദ്യങ്ങളാണ് ഉണ്ടാവുക. ചോദ്യപേപ്പർ തയ്യാറാക്കുന്നതും മൂല്യ നിർണ്ണയം നടത്തുന്നതും ന്യൂഡൽഹി ആസ്ഥാനമായുള്ള നാഷണൽ സയൻസ് മൂവ്മെന്റ് ഓഫ് ഇന്ത്യ ആണ്. പ്രാഥമിക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾ രണ്ടാം ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടും. അതിൽ വിജയിക്കുന്ന ഓരോ വിഭാഗത്തിൽ നിന്നും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികളെയാണ് ശാസ്ത്ര പ്രതിഭകളായി തിരഞ്ഞെടുക്കുക. അവർക്ക് ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് സയൻസ് ഇന്ത്യ ഫോറം നൽകുന്നത്.
സയൻസ് ഇന്ത്യ ഫോറം വെബ് സൈറ്റിൽ ഇന്ന് മുതൽ പരീക്ഷാ സിലബസ് ലഭ്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39407514 എന്ന നന്പറിൽ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജനുമായി ബന്ധപ്പെടാവുന്നതാണ്. സിലബസിനുവേണ്ടി http://sifbahrain.com/spc-2018-study-material/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

