ഇന്ത്യൻ ക്ലബ്ബ് വിഷു-വൈശാഖി മ്യൂസിക് ഫെസ്റ്റിന് ഒരുക്കങ്ങളായി
മനാമ : ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 4 പി.എം ന്യൂസിന്റെ സഹകരണത്തോടെ വിഷു - വൈശാഖി ഉത്സവത്തിന്റെ ഭാഗമായി ഏപ്രിൽ 30ന് (നാളെ) നടക്കുന്ന മ്യൂസിക് ഫെസ്റ്റ് എന്ന സംഗീത പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. വൈകീട്ട് ഏഴ് മണി മുതൽ ആരംഭിക്കുന്ന പരിപാടി ചെണ്ട മേളത്തോടെ ആരംഭിക്കും. തുടർന്ന് അനഘ എസ്. ലാൽ അവതരിപ്പിക്കുന്ന പൂജാ നൃത്തം, മ്യൂസിക് കാറ്റ് സ്റ്റാർ സിംഗർ ഫെയിം ശ്രുതിനാഥ്, സോണിയാ ശ്യാം എന്നിവർ നയിക്കുന്ന സംഗീത പരിപാടിയും നടക്കും. രാജീവ് വെള്ളിക്കോത്ത്, പവിത്ര പത്മകുമാർ എന്നിവരും ഇതിൽ സംബന്ധിക്കും.
പഴയതും പുതിയതുമായ മലയാളം, തമിഴ് ചലച്ചിത്രനാഗങ്ങൾ കോർത്തിണക്കിയ പരിപാടി തികച്ചും ലൈവ് ഓർക്കസ്ട്രയുടെ പിന്നണിയോടെയാണ് നടക്കുക. സംഗീത നിശയിലേയ്ക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. പരിപാടിയിൽ മുഴുവൻ ആളുകളും സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

