രാജ്യത്ത് സുപ്രീംകോടതി ജഡ്ജിമാർക്ക് പോലും നീതിക്കായി ജനങ്ങൾക്ക് മുന്നിലെത്തേണ്ട അവസ്ഥ
ന്യൂഡൽഹി : കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദ്ധാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് സംഘടിപ്പിച്ച ജൻ ആക്രോശ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുൽ ആരോപിച്ചു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആർ.എസ്.എസ് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ജഡ്ജിമാർ പോലും നീതിക്കായി ജനങ്ങൾക്ക് മുന്നിലെത്തേണ്ട അവസ്ഥായാണ് രാജ്യത്ത് നിലനിൽക്കുന്നത്. കോൺഗ്രസ് ഇല്ലാതെ രാജ്യത്തെ കർഷകർക്കും മറ്റും അതിജീവിക്കാനാവില്ല. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖലയെ പാടെ തകർത്തു. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരിൽ ജനങ്ങളെ നിങ്ങൾ ക്യൂവിൽ നിർത്തി പണം ബാങ്കിലെത്തിച്ചു. പിന്നീടാണ് ജനങ്ങൾ തിരിച്ചറിഞ്ഞത് തങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന്. അതുംകൊണ്ട് അദ്ദേഹം രാജ്യം വിട്ടു.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആക്രമിക്കപ്പെടുകയാണ്. നിരവധി മതങ്ങളും വിശ്വാസങ്ങളും ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞിരുന്നതാണ് ഇന്ത്യയിൽ. കഴിഞ്ഞ നാല് വർഷം കൊണ്ട് നിങ്ങളതെല്ലാം തകിടം മറിച്ചു. മോദിയുടെ പ്രസംഗത്തിൽ സത്യത്തെ തിരയുകയാണ് ജനങ്ങൾ. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന് തുടരെ തുടരെ പറയുന്ന മോദി യെദ്യൂരപ്പയ്ക്കൊപ്പം േസ്റ്റജിലിരുന്നാണ് ഇത് പറയുന്നതെന്ന് ഓർമ്മ വേണം.
ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ തുടരേ ആക്രമണങ്ങൾ നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. എം.എൽ.എമാരിൽ നിന്ന് പോലും സ്ത്രീകൾക്ക് രക്ഷയില്ല. സ്വന്തം പാർട്ടി അംഗങ്ങളിൽ നിന്ന് മോദി രാജ്യത്തെ സ്ത്രീകൾക്ക് സംരക്ഷണം നൽകണം. കർഷകരുടേതടക്കമുള്ളവരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ തിരിച്ചെത്തണം. 2019−ലെ പൊതു തിരഞ്ഞെടുപ്പിലും സമീപകാലത്ത് നടക്കുന്ന കർണാടക, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിക്കുമെന്നതിൽ ഒരു സംശയുവും വേണ്ട.
കഴിഞ്ഞ 70 വർഷം കോൺഗ്രസ് ജനങ്ങൾക്ക് സ്നേഹം നൽകി രാജ്യം കെട്ടിപ്പടുത്തപ്പോൾ നിങ്ങൾ നാല് വർഷം കൊണ്ട് രാജ്യത്തെ സന്പദ്ഘടന തകർത്ത് ജനങ്ങൾക്കിടയിൽ വിദ്വോഷം പടർത്തിയെന്നും രാഹുൽ പറഞ്ഞു. രാഹുലിനെ കൂടാതെ മൻമോഹൻസിംഗും സോണിയാഗാന്ധിയും ജൻ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രണ്ട് ലക്ഷത്തിലധികം പ്രവർത്തകരാണ് ഡൽഹി രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തത്.

