‘കിംഗ്‌ഡം ഓഫ് ബഹ്‌റൈൻ ഡിക്ലറേഷൻ പ്ലാറ്റ്ഫോം’ ഉദ്ഘാടനം ചെയ്തു
മനാമ : സമാധാനപരമായ സഹവർത്തിത്വം ലക്ഷ്യമാക്കിയുള്ള കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ‘കിംഗ്‌ഡം ഓഫ് ബഹ്‌റൈൻ ഡിക്ലറേഷൻ’ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു. ലോകത്തെ കൂടുതൽ സഹിഷ്ണുതയുള്ളതും സമാധാനപൂർണ്ണവും ആക്കാൻ ‘കിംഗ്‌ഡം ഓഫ് ബഹ്‌റൈൻ ഡിക്ലറേഷൻ’ പ്ലാറ്റ്ഫോമിനാകുമെന്ന് കിംഗ് ഹമദ് ഗ്ലോബൽ സെന്ററിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു.
ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ പ്രത്യയശാസ്ത്രം, തത്ത്വചിന്ത, ദർശനങ്ങൾ എന്നിവയിൽ നിന്ന് ഉത്ഭവിച്ച അതിന്റെ മൂല്യങ്ങൾ നടപ്പിലാക്കാൻ ‘കിംഗ്‌ഡം ഓഫ് ബഹ്‌റൈൻ ഡിക്ലറേഷ’ന് സാധിക്കുമെന്ന് ഡോ. ഷെയ്ഖ് ഖാലിദ് പറഞ്ഞു. രാജ്യത്തിന്റെ ഭൂതകാലവും വർത്തമാന കാലവും സമാധാനപരമായ സഹവർത്തിത്വത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായും സാക്ഷ്യം വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സഹിഷ്ണുത, ക്ഷമ, ജ്ഞാനം, മാനുഷികത എന്നിവയുടെ ചരിത്രത്തിൽ ഒരു പുതിയ നാഴികക്കല്ല് കൂടെ രണ്ട് ദിവസം മുൻപ് രാജാവ് സ്ഥാപിച്ചിരുന്നു. ക്ഷമയും സഹിഷ്ണുതയുമാണ് ആഴത്തിൽ വേരൂന്നിയ സഹവർത്തിത്വത്തിന് അടിസ്ഥാനം. ബഹ്‌റൈനിലെ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ചരിത്രം മതപരവും വിഭാഗീയവുമായ വശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും ഡോ. ഷെയ്ഖ് ഖാലിദ് പറഞ്ഞു. മറ്റ് വികസിത സമൂഹങ്ങൾ ബൗദ്ധിക സ്വത്വത്തെ ഉൾക്കൊള്ളുകയും അവരുടെ യാഥാർത്ഥ്യങ്ങളിൽ അവരെ അടിച്ചമർത്തുകയും ചെയ്യുന്പോൾ ബഹ്‌റൈനിന്റെ സഹിഷ്ണുതയും സഹവർത്തിത്വവും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 1950കളിലും 1960കളിലും പാശ്ചാത്യ സമൂഹങ്ങളിൽ വിശ്വാസം സ്വീകരിക്കുന്നതിന് കർശ്ശന നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ സോഷ്യലിസവും കമ്മ്യൂണിസവും സ്വീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ആശയങ്ങളായിരുന്നു. എന്നാൽ, ബഹ്‌റൈനിൽ സ്ഥിതി വ്യത്യസ്തമായിരുന്നെന്നും കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഡോ. ഷെയ്ഖ് ഖാലിദ് പറഞ്ഞു.

