നിയമയുദ്ധം വിഫലമായി : കുഞ്ഞ്‌ ആൽഫിയെ മരണം കവർന്നു


ലണ്ടൻ : തന്റെ ജീവൻ നിലനിർത്താൻ അച്ഛനും അമ്മയും നടത്തിയ പോരാട്ടത്തിന്റെ കഥകൾ അറിയാതെ കുഞ്ഞ് ആൽഫി യാത്രയായി. ലണ്ടനിലെ മേഴ്സിസൈഡിലെ ആൾഡർ ഹേ ചിൽഡ്രൻ ആശുപത്രിയിൽ വെച്ചാണ് ആൽഫി ഇവാൻസ് എന്ന രണ്ട് വയസ്സുകാരൻ ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്.

ആൽഫിയെ ജീവിക്കാൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അടക്കം ആവശ്യപ്പെട്ടിട്ടും ബ്രിട്ടീഷ് നിയമവ്യവസ്ഥ ചെവിക്കൊണ്ടില്ല. കോടതി നിർദേശപ്രകാരം തിങ്കളാഴ്ച ജീവൻരക്ഷാ സംവിധാനങ്ങൾ എടുത്തു മാറ്റി മരണത്തിന് വിട്ടുകൊടുക്കാൻ ഡോക്‌ടർ‍മാർ‍ തീരുമാനിച്ചെങ്കിലും അമ്മയുടെ നെഞ്ചിൽ‍നിന്ന്‌ ആ കുഞ്ഞുപ്രാണൻ അടരാൻ മടിച്ചത് ലോകത്തിനാകെ പ്രത്യാശ പകർ‍ന്നിരുന്നു. എന്നാൽ എല്ലാവരേയും കണ്ണീരിലാഴ്ത്ത്ി ആൽഫി ശനിയാഴ്ച പുലർച്ചെ 2.30നു മരിച്ചു. “എന്‍റെ പോരാളി പരിച താഴെവച്ച് ചിറകുകൾ നേടി.... ഹൃദയം വിങ്ങുന്നു” ആൽഫിക്കായി പോരാടിയവരെ മരണവാർത്ത അറിയിച്ച് അച്ഛൻ ടോം ഇവാൻസ് ഫേസ്ബുക്കിൽ കുറിച്ചു.

2016 മേയ് ഒന്പതിന് ടോം ഇവാൻസിന്റെയും കേറ്റ് ജെയിംസിന്റെയും മകനായാണ് ആൽഫിയുടെ ജനനം. ചുഴലിരോഗമുണ്ടായതോടെ ആ വർഷം ഡിസംബറിൽ ആൽഫിയെ ആദ്യമായി ലിവർപൂളിലെ ഏൽഡർ ഹേ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ‍‍‍‍‍‍‍അപൂർവമായ മസ്തിഷ്കരോഗം സ്ഥിരീകരിച്ചു. മസ്തിഷ്കകോശങ്ങൾ നശിച്ച ആൽഫിക്ക് ചികിത്സ തുടരുന്നതിൽ അർഥമില്ലെന്നും ഇനിയും ജീവിക്കാൻ അനുവദിക്കുന്നതു മനഷ്യത്വരഹിതമാണെന്നും ആശുപത്രി അധികൃതർ നിലപാടെടുത്തു. എന്നാൽ ഏത് വിധേനയും ജീവൻ നിലനിർത്തണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ ചികിത്സയ്‌ക്കുള്ള ഭീമമായ ചെലവ് വഹിക്കാൻ കഴിയില്ലെന്ന ബ്രിട്ടീഷ്‌ നാഷണൽ‍ ഹെൽ‍ത്ത്‌ സർ‍വീസി(എൻ‍.എച്ച്‌.എസ്‌)ന്റെ നിലപാടും നിർ‍ണായകമായി. കുഞ്ഞിന്‍റെ ചികിത്സാകാര്യത്തിൽ മാതാപിതാക്കളും ആശുപത്രിയും തമ്മിൽ തർക്കമുണ്ടായാൽ കോടതി തീരുമാനം എടുക്കണമെന്നാണ് ബ്രിട്ടീഷ് നിയമം. ജീവൻരക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റി മരിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

ആൽഫിയുടെ മാതാപിതാക്കൾ കീഴടങ്ങാൻ കൂട്ടാക്കാതെ ലോകത്തിന്‍റെ പിന്തുണ അഭ്യർഥിച്ചു. ആൽഫീസ് ആർമി എന്ന പേരിൽ വളരെപ്പേർ പിന്തുണയുമായി എത്തി. മാതാപിതാക്കൾ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടു. കുഞ്ഞിനു മറ്റു ചികിത്സകൾ നൽകാൻ അനുവദിക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. കുഞ്ഞിനെ വത്തിക്കാനിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി ജീവൻ നിലനിർത്തണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതു നടക്കുമെന്ന പ്രതീക്ഷയിൽ ഇറ്റാലിയൻ സർക്കാർ തിങ്കളാഴ്ച കുഞ്ഞിനു പൗരത്വവും നൽകിയിരുന്നു. എന്നാൽ, ബ്രിട്ടനിലെ അപ്പീൽ കോടതി എതിരുനിന്നതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.

കോടതി ഉത്തരവുപ്രകാരം കഴിഞ്ഞ 23−നാണ്‌ വെന്റിലേറ്റർ‍ സംവിധാനം നീക്കിയത്‌. എന്നിട്ടും ആൽ‍ഫി അഞ്ച് ദിവസം മരണത്തെ അതിജീവിച്ചത് വൈദ്യശാസ്‌ത്രത്തിന്‌ അത്ഭുതമായി. ആൽ‍ഫി മരണത്തെ തോൽ‍പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. ആൽ‍ഫിയുടെ മരണവിവരമറിഞ്ഞ്‌ ഫ്രാൻസിസ്‌ മാർ‍പാപ്പയടക്കം അനുശോചിക്കുകയും നൂറുകണക്കിനാളുകൾ‍ ആശുപത്രിയിലേക്കെത്തുകയും ചെയ്‌തു. പറന്നകന്ന ആൽ‍ഫിക്ക്‌ ആദരാഞ്‌ജലിയർ‍പ്പിച്ച്‌ ആശുപത്രിക്ക് സമീപത്തെ പാർ‍ക്കിൽ‍ നടത്തിയ ബലൂൺ പറത്തലിലും നിരവധിപേർ‍ പങ്കെടുത്തു.

ഒരുവർ‍ഷം മുന്പ്‌ ചാർ‍ലി ഗാഡ്‌ എന്ന ശിശുവിന്റെ ചികിത്സ അവസാനിപ്പിക്കാനുള്ള ബ്രിട്ടീഷ്‌ കോടതിയുടെ തീരുമാനവും വിവാദമായിരുന്നു. മാതാപിതാക്കൾ‍ ഏറെ നിയമപോരാട്ടം നടത്തിയിട്ടും അനുകൂലവിധിയുണ്ടായില്ല. ചാർ‍ലിയെ അമേരിക്കയിൽ‍ ചികിത്സിക്കാൻ തയാറാണെന്ന് വ്യക്‌തമാക്കി പ്രസിഡണ്ട് ഡോണൾ‍ഡ്‌ ട്രംപും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂലൈ 28−നാണ്‌ ചാർ‍ലി മരിച്ചത്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed