ഇൻഡക്സ് ബഹ്റൈൻ പുസ്തക വിതരണം ഏപ്രിൽ 1ന്
മനാമ: ഇൻഡക്സ് ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് നടപ്പിലാക്കിവരുന്ന പാഠപുസ്തക ശേഖരണം ഈ വർഷവും നല്ല നിലയിൽ പുരോഗമിക്കുകയാണെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 1ന് വൈകീട്ട് സമാജം ഹാളിൽ വെച്ച് അവ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. കളക്ഷൻ ബോക്സുകൾ വെച്ച എല്ലാ സ്ഥലങ്ങളിലും ഇതിനോടകം തന്നെ പുസ്തകങ്ങൾ നിറയുകയും അവ സമാജം ഹാളിലിലേയ്ക്ക്് മാറ്റിക്കൊണ്ടിരിക്കുകയുമാണ്. ഇനിയും പുസ്തകങ്ങൾ നിക്ഷേപിക്കുന്നവർ വൃത്തിയോടെ പൊതിഞ്ഞ് ഏത് ക്ലാസിലേതാണെന്ന് കൂടി സൂചിപ്പിച്ചാൽ സംഘാടകർക്ക് അവ തരം തിരിക്കുന്നതിന് സൗകര്യപ്രദമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗഭാക്കാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബി.കെ.എസ് ജനറൽ സെക്രട്ടറി എം.പി രഘു പറഞ്ഞു.
ഉപയോഗിച്ച പാഠപുസ്തകങ്ങൾക്ക് പുറമെ ഗൈഡുകൾ, ചോദ്യപേപ്പറുകൾ തുടങ്ങി മാനേജ്മെന്റ് സ്റ്റഡീസ് ബുക്സുകൾ വരെ നിക്ഷേപിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ ആവശ്യക്കാർക്ക് വിതരണം ചെയ്യുവാനായി ഒന്നാം തിയ്യതി സജ്ജീകരിക്കുന്നതാണ്. കൂട്ടത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ കഥാപുസ്തകങ്ങളും ലഭിച്ചിട്ടുണ്ട്. കടലാസുകൾ ഉണ്ടാക്കുവാനായി മരങ്ങൾ ആവശ്യമാണെന്നും പുസ്തകങ്ങൾ നശിപ്പിക്കാതെ കൈമാറ്റം ചെയ്യപ്പെടുന്പോൾ മരങ്ങൾ കൂടി സംരക്ഷിക്കപ്പെടും എന്നുമുള്ള സന്ദേശം കൂടി വരും തലമുറയിലേയ്ക്ക് കൈമാറുക കൂടിയാണ് ഈ പ്രവർത്തിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
പാഠപുസ്തകങ്ങൾക്കൊപ്പം 500 കുട്ടികൾക്കെങ്കിലും സ്കൂൾ േസ്റ്റേഷനറി സാധനങ്ങളും നൽകുന്നതാണ്. ചെറിയ കുട്ടികൾക്ക് ഉപകാരപ്രദമായ കളറിംഗ് ആന്റ് ആർട്സ് ബുക്കുകളും നൽകുന്നുണ്ട്. പുസ്തകങ്ങളായാലും േസ്റ്റഷനറിയായാലും ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന നിലയിലായിരിക്കും വിതരണം ചെയ്യുക. ഒരു തരത്തിലുമുള്ള ചേരിതിരിവുകളോ പരിഗണനകളോ അവിടെ ഉണ്ടായിരിക്കുന്നതല്ല.
മുൻവർഷങ്ങളെ അപേക്ഷിച്ച് കളക്ഷൻ ബോക്സുകൾ വെച്ചിട്ടുള്ള സ്ഥലങ്ങൾ കുറവാണെങ്കിലും പല സ്ഥലങ്ങളിൽ നിന്നും ഇൻഡക്സ് ഭാരവാഹികൾ പുസ്തകങ്ങൾ പോയി ശേഖരിച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്. കൂടാതെ ബഹ്റൈൻ കെ.എം.സി.സി വനിതാവിംഗ്, കൊയിലാണ്ടിക്കൂട്ടം തുടങ്ങി പല സംഘടനകളും പുസ്തകങ്ങൾ ശേഖരിച്ച് നൽകുന്നുണ്ട്.
ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, സമസ്ത കേരള സുന്നി ജമാഅത്ത്, അയ്യപ്പ ക്ഷേത്രം കാനൂ ഗാർഡൻ, സേക്രഡ് ഹാർട്ട് ചർച്ച് എന്നീ സംഘടനാ ആസ്ഥാനങ്ങളിലാണ് പ്രധാനമായും കളക്ഷൻ ബോക്സുകൾ വെച്ചിരുന്നത്. വളരെ വലിയ സഹകരണമാണ് എല്ലാ സംഘടനകളും നൽകിവരുന്നതെന്നും സംഘാടകർ പറഞ്ഞു. ഈസ്റ്റ് റിഫയിൽ ടിപ്പ് ടോപ് റെഡിമെയ്ഡ് എന്ന ഷോപ്പിലും കളക്ഷൻ ബോക്സ് വെച്ചിരുന്നു. എല്ലാ കളക്ഷൻ ബോക്സുകളും ഇന്ന് വൈകീട്ട് തിരിച്ചെടുക്കുന്നതാണ്.
വളരെ നിർധനരായ കുട്ടികൾക്ക് സൗജന്യമായി സ്കൂൾ യൂണിഫോമും ഇതിന്റെ ഭാഗമായി ഞങ്ങൾ നൽകുന്നുണ്ട്. പക്ഷെ അത് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പോലെ പരസ്യമായിട്ടായിരിക്കുകയല്ല വിതരണം നടത്തുന്നത്. ആവശ്യക്കാരായ രക്ഷിതാക്കളെ യൂണിഫോം വിതരണക്കാരുമായി നേരിട്ട് ബന്ധപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണ് യൂണിഫോമിനായി ലഭിച്ചിട്ടുള്ളത്. ഉദാരമദികളായ പ്രവാസി സുഹൃത്തുക്കളിൽ നിന്നും തന്നെയാണ് ഇതിനായുള്ള സഹായങ്ങൾ ആവശ്യപ്പെടുന്നത്. യൂണിഫോം ആവശ്യമുള്ളവർ ഇൻഡക്സ് ഭാരവാഹികളായ റഫീഖ് അബ്ദുള്ള (38384504), അജി ഭാസി (33170089), അനീഷ് വർഗ്ഗീസ് (39899300), ഇൻഡക്സ് രക്ഷാധികാരിയായ സേവി മാത്തുണ്ണി (36800676) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്. indexbhn@gmail.comഎന്ന ഇ-മെയിൽ വഴിയും രക്ഷിതാക്കൾക്ക് സമീപിക്കാം.
വാർത്താ സമ്മേളനത്തിൽ റഫീഖ് അബ്ദുള്ള, എം.പി രഘു (ബി.കെ.എസ് ജനറൽ സെക്രട്ടറി) സേവി മാത്തുണ്ണി, അജി ഭാസി, അനീഷ് വർഗ്ഗീസ്, ചന്ദ്രബോസ്, സാനി പോൾ, ലത്തീഫ് ആയഞ്ചേരി, സ്റ്റാലിൻ ജോസഫ്, തിരുപ്പതി എന്നിവരും സംബന്ധിച്ചു.

