പെട്രോൾ വിലവർദ്ധനയ്ക്കെതിരായ കേസ് തള്ളി
മനാമ: നിയമവിരുദ്ധമായി പെട്രോൾ വില കൂട്ടിയെന്നാരോപിച്ച് ബഹ്‌റൈനിലെ അഭിഭാഷകൻ സർക്കാരിന് എതിരായി നൽകിയിരുന്ന കേസ് സുപ്രീം അഡ്മിനിസ്‌ട്രേറ്റിവ് കോടതി ഇന്നലെ തള്ളി. ജനുവരി 9നായിരുന്നു പെട്രോൾ വില വർദ്ധിച്ചത്.
പെട്രോളിയം വിലവർദ്ധന സംബന്ധിച്ച തീരുമാനം നിയമവിരുദ്ധമാണെന്ന ആരോപണത്തെ തുടർന്ന് എണ്ണ മന്ത്രാലയം, നാഷണൽ ഓയിൽ ആന്റ് ഗ്യാസ് ഓർഗനൈസേഷൻ എന്നിവയ്ക്കെതിരായി കോടതിയിൽ ആറ് അഭിഭാഷകർ പരാതി നൽകിയിരുന്നു. നിയമപരമായ നടപടികൾ കൈക്കൊള്ളാതെ ഒരു അധികൃതരും തീരുമാനം എടുക്കാൻ പാടില്ല, ദേശീയ സാന്പത്തിക തന്ത്രങ്ങൾക്ക് എതിരല്ല തങ്ങളുടെ നീക്കമെന്നും നിയമപരമായ നടപടിക്രമങ്ങൾ പിന്തുടരുകയും ഭാവിയിലെ നിയമ ലംഘനങ്ങൾ തടയുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരാതി നൽകിയതെന്നും അഭിഭാഷകർ ഒരു പ്രസ്താവനയിൽ പറഞ്ഞു. കോടതി കേസിനെകുറിച്ച് പഠിക്കുകയും ഇന്നലെ കേസ് റദ്ദാക്കുകയും ചെയ്തു. പെട്രോൾ വിൽപ്പനയിലൂടെയുള്ള വരുമാനം രാജ്യത്തിന്റെ സാന്പത്തിക വിഭവങ്ങളിൽ ഒന്നാണെന്നും ഇത് സംസ്ഥാന വസ്തുവകകളിലും മറ്റ് സൗകര്യങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നികുതി, ഫീസ് എന്നീ ആശയങ്ങളിൽ നിന്ന് വ്യത്യസ്തമാണ് അതിനാലാണ് കേസ് തള്ളിയതെന്നും ന്യായാധിപന്മാർ വ്യക്തമാക്കി.

